ശുഹൈബ് വധം: സി.പി.എം നടപടി നാടകമെന്ന് ഹസന്‍
തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത 11 പ്രതികളില്‍ നാലു പേരെ മാത്രം സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള നാടകമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരായിട്ടും നാലു പേരെമാത്രം പുറത്താക്കുന്നത് പ്രഹസനമാണ്. ശുഹൈബ് വധത്തിനെതിരേ ഉയരുന്ന ജനരോഷത്തില്‍നിന്ന് തല്‍കാലം തടിതപ്പുകയാണ് സി.പി.എം. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാര്‍ട്ടി ഓഫിസില്‍ വിളിച്ചു വരുത്തി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നടപടി പേരിനു മാത്രമാണെന്ന ഉറപ്പ് ആകാശിന്റെ പിതാവിനു നല്‍കിയ ശേഷമാണ് പുറത്താക്കല്‍ പ്രഖ്യാപിച്ചതെന്ന് ഇതിലൂടെ വ്യക്തമായി.
പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്ന അതേ വേഗതയിലാണ് അന്വേഷണം സി.ബി.ഐക്കു വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനായി മുഖ്യമന്ത്രി ഉത്തരവിടുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സി.ബി.ഐ അന്വേഷണത്തിനു തടസം നില്‍ക്കുന്നവര്‍ തന്നെയാണ് പുറത്താക്കല്‍ നടപടിയെന്ന പ്രഹസനത്തിനു നേതൃത്വം നല്‍കുന്നത്. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ആര്‍ജവം പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കാണിച്ചാല്‍ മാത്രമേ ഇപ്പോള്‍ നടപടി ആത്മാര്‍ഥതയുള്ളതാകൂ എന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."