വീരേന്ദ്രകുമാറിനെ വെല്ലുവിളിച്ച് ജെ.ഡി.യു യു.ഡി.എഫ് വിഭാഗം യോഗം
കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിനെ വെല്ലുവിളിച്ച് കോഴിക്കോട്ട് ജെ.ഡി.യു യു.ഡി.എഫ് വിഭാഗം യോഗം. നിരവധി പ്രവര്‍ത്തകരും പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു സി.പി.എമ്മിന് മുന്നില്‍ ദയാവധത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് ജനതാദള്‍ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ പറഞ്ഞു.
ജനതാദള്‍ യു.ഡി.എഫ് വിഭാഗം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിമാറ്റം രാജ്യസഭാ സീറ്റ് മുന്നില്‍കണ്ട് നടത്തിയ രാഷ്ട്രീയ നീക്കം മാത്രമാണെന്നും ജോണ്‍ ജോണ്‍ അഭിപ്രായപ്പെട്ടു.
ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് മുന്നണി മാറ്റത്തിന് പിന്നില്‍. എന്തു കാരണത്താലാണ് എല്‍.ഡി.എഫിലേക്കു പോയതെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം. കേന്ദ്രത്തില്‍ ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിനു കഴിയുമെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ത്രിപുരയേക്കാള്‍ വലിയ പരാജയമാണ് കേരളത്തില്‍ അവരെ കാത്തിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അതു തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പി വധത്തിലടക്കം സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത നേതാക്കള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അപമാനകരമാണ്. മുന്നണിയില്‍ എടുക്കാനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവരുടെ വരിയില്‍ അവസാനം പോയി നില്‍ക്കാനാണ് എല്‍.ഡി.എഫ് വീരേന്ദ്രകുമാറിനോട് പറഞ്ഞതെന്നും ജോണ്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ വി. രമേഷ് ബാബു അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നരേന്ദ്രന്‍, മടവൂര്‍ പഞ്ചായത്തംഗം സക്കീന മുഹമ്മദ്, കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, കെ.കെ സെനില്‍റാഷിദ്, വിജയന്‍ പാറക്കല്‍, ഷാനവാസ്, നിജാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."