നൂറു കുളം പദ്ധതി: മൂന്ന് പൊതുകുളങ്ങള്‍ ശുചീകരിച്ചു
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അന്‍പൊടു കൊച്ചിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 100 കുളം മൂന്നാം ഘട്ടം പദ്ധതിയുടെ ഭാഗമായി മൂന്ന് പൊതുകുളങ്ങള്‍ ഞായറാഴ്ച ശുചീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുളങ്ങള്‍ നവീകരിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ നിന്നുള്ള ധനസഹായവും കുളം നവീകരണപദ്ധതിയ്ക്കുണ്ട്.
തൃക്കാക്കര നഗരസഭയില്‍ ചെമ്പുമുക്കിലുള്ള വരിക്കോരിച്ചിറ, ചോറ്റാനിക്കര പഞ്ചായത്തിലെ കണിച്ചിറ കോളനിക്കടുത്ത് വയലില്‍ പാടം കുളം, മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നത്തെ പുത്തന്‍കുളം എന്നീ പൊതുകുളങ്ങളാണ് ഇന്നലെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചത് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മൂന്നിടത്തും എത്തി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വരിക്കോരിച്ചിറയില്‍ പി.ടി. തോമസ് എം.എല്‍.എയും വൃത്തിയാക്കലിന് നേതൃത്വം നല്‍കാനെത്തി.
ചോറ്റാനിക്കരയിലെയും മുളന്തുരുത്തിയിലെയും കുളങ്ങളുടെ ശുചീകരണം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ശശി, അംഗം ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വയലില്‍പാടം കുളം ശുചീകരണം. വരിക്കോലി മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ വാളന്റിയേഴ്‌സും പങ്കെടുത്തു.
ആരക്കുന്നം പുത്തന്‍കുളം ശുചീകരണത്തിന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യന്‍, അംഗം ഷീജ സുബി എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, യുവജന ക്ലബ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കാളികളായി.
കുളങ്ങള്‍ ശുചീകരിച്ച ശേഷം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളും പ്രദേശവാസികളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ഗീതാദേവി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, അസി.എക്‌സി.എഞ്ചിനീയര്‍ സുജാത, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, അന്‍പൊട് കൊച്ചി വാളന്റിയര്‍മാര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."