പൗഡിക്കോണത്തെ വിത്തുല്‍പ്പാദനകേന്ദ്രം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്
പേരൂര്‍ക്കട: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൗഡിക്കോണത്തെ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ഉള്‍വശം കണ്ടാല്‍ കൃഷി ഇഷ്ടമില്ലാത്തവര്‍ പോലും കൃഷിയെ സ്‌നേഹിച്ചുപോകും.
ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വിത്തുല്‍പ്പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടറിയണമെങ്കില്‍ മണിക്കൂറുകള്‍ ചെലവിടേണ്ടിവരും.
തിരിന എന്ന സാങ്കേതിക വിദ്യയില്‍ വളര്‍ത്തിയെടുക്കുന്ന പച്ചക്കറിച്ചെടികള്‍, വിവിധതരം സസ്യങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള മൃഗങ്ങള്‍, പക്ഷികള്‍, ഇറച്ചിക്കും മുട്ടയ്ക്കുമായി വളര്‍ത്തുന്ന കോഴികള്‍, നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന വെള്ളരികള്‍, കോവയ്ക്കായ, ഇതിനെല്ലാം പുറമെ ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളും അത്യുല്‍പ്പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചെടുക്കുകയാണ് വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ലക്ഷ്യമെങ്കിലും മറ്റുള്ളവ കൂടി ആകുന്നതോടെ കര്‍ഷകര്‍ കേന്ദ്രത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചമട്ടാണ്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിത്തുല്‍പ്പാദനകേന്ദ്രത്തില്‍ അനുവദിക്കുന്നുണ്ട്. ആ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നുമുണ്ട്.
ഏക്കറുകണക്കിന് പാടശേഖരത്തില്‍ വിളയുന്ന നെന്മണികള്‍ കൃഷിഭവനുകള്‍ മുഖേനയും നേരിട്ടും കൃഷിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നുണ്ട്.
വിലക്കുറവില്‍ ഇവ ജനങ്ങള്‍ക്ക് ഇവിടെനിന്നും വാങ്ങാവുന്നതാണ്. ഓരോ വിഭാഗത്തെ ഓരോന്നായി തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം.
കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന നിരവധി പച്ചക്കറികളും ഫലവൃക്ഷങ്ങളും കേന്ദ്രത്തില്‍ ഉണ്ട്.
ഉല്‍പ്പാദനശേഷി ഏറെക്കൂടുതലുള്ള ആടുകള്‍, പശുക്കള്‍ എന്നിവയെ നല്ലരീതിയില്‍ കേന്ദ്രത്തില്‍ പരിപാലിച്ചു വരുന്നു.
വിത്തുല്‍പ്പാദനകേന്ദ്രത്തില്‍ നല്ലനിലയില്‍ ജലസേചനം സാധ്യമാകും വിധം ഒരു കുളമുണ്ട്. ഈ കുളം വേനല്‍ക്കാലത്തുപോലും വറ്റാറില്ല.
കുളത്തില്‍ നിന്നുള്ള ജലത്തെ ഓടകള്‍ വെട്ടി മറ്റു ഭാഗങ്ങളിലേക്ക് ജലസേചനത്തിന് ഉപയുക്തമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
പുതിയ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമായി ജീവനക്കാരുടെ അശ്രാന്തപരിശ്രമം നടന്നുവരുന്നുണ്ട്.
കേന്ദ്രത്തില്‍ നിന്നു പച്ചക്കറികള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വലിയ ഔട്ട്‌ലെറ്റ് പണിപ്പുരയിലാണ്. ബന്ധപ്പെട്ട മന്ത്രി ഉടന്‍തന്നെ ഇതിന്റെ ഉദ്ഘാടനം നടത്തുമെന്നു വിത്തുല്‍പ്പാദനകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."