കരിങ്കല്‍ ഇറക്കുമതി: സര്‍ക്കാര്‍ പിന്തിരിയണമെന്ന് ക്വാറി അസോസിയേഷന്‍
കോഴിക്കോട്: കേരളത്തിലേക്ക് വിദേശത്ത് നിന്ന് കരിങ്കല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
കേരളത്തിന് ആവശ്യമായ കരിങ്കല്‍ ഇവിടെ ഉണ്ടായിട്ടും ചെറുകിട ക്വാറികളുടെ ഇളവുകള്‍ നിഷേധിച്ച് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും പാറ ഇറക്കുമതി ചെയ്യാന്‍ വര്‍ഷങ്ങളായി കേരളത്തിലെ ഒരു ലോബി ശ്രമിക്കുന്നുണ്ടെന്നും ചില രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശചെയ്യുന്നുണ്ടെന്നും സംഘടന ആരോപിച്ചു.
പരിസ്ഥിതിയുടെ പേരു പറഞ്ഞ് ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനത്തിന് അനുമതി നിഷേധിക്കുന്നവര്‍ റിസര്‍വ് വനങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാരുടെ ക്വാറികള്‍ക്കെതിരേ ചെറുവിരലനക്കാന്‍ തയാറാവുന്നില്ല. സംസ്ഥാനത്ത് കരിങ്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ വസ്തുക്കള്‍ക്ക് കൃത്രിമമായ ക്ഷാമമുണ്ടാക്കി വന്‍കിടക്കാരെ വളര്‍ത്താനാണ് അധികൃതര്‍ ശ്രദ്ധിക്കുന്നത്. മണലിന്റെ കാര്യത്തിലും ഇതേ നിലപാടാണ് തുടരുന്നത്.
കേരളത്തിലെ ഡാമുകളിലും പുഴകളിലും വന്‍ തോതില്‍ അടിഞ്ഞു കൂടിയ മണല്‍ ഉപയോഗപ്പെടുത്താനുള്ള സജ്ജീകരണങ്ങളുണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ ബാബു, ട്രഷറര്‍ എ.കെ ഡേവിസണ്‍, കെ.സി കൃഷ്ണന്‍ മാസ്റ്റര്‍, ഹരികുമാര്‍, എ.എം ഹരിദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."