ശുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി
കൊച്ചി: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ശുഹൈബിനെ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും 11 പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നു സര്‍ക്കാര്‍ പറയുന്നു. കേസില്‍ അന്വേഷണം നടത്തിയ പൊലിസ് ആയുധങ്ങളും അക്രമികള്‍ സഞ്ചരിച്ച വാഹനവും കണ്ടെടുത്തു. ഇവ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസന്വേഷണം സി.ബി.ഐക്കു വിട്ടത്.
ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹരജി പരിഗണിക്കവെ മറുപടി സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് സമയം നല്‍കിയില്ല. രണ്ടു ദിവസം മാത്രം വാദം കേട്ട് സിംഗിള്‍ബെഞ്ച് വിധി പറയുകയായിരുന്നു. കേസ് ഡയറി പരിശോധിച്ചില്ല. വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയുള്ള വിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.
കേസ് രാജ്യത്തിന്റെ അഖണ്ഡതയെയോ സുരക്ഷയെയോ ബാധിക്കുന്നതല്ല. ആ നിലയ്ക്ക് യു.എ.പി.എ പ്രകാരമുള്ള കേസായി കാണാനാവില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ഉന്നത സി.പി.എം നേതാക്കളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും കോടതിക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും അപ്പീലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."