ദലിതരുടെ വിദ്യാപീഠങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമില്ല
പാലക്കാട്: ക്ഷേത്രങ്ങളിലെ പൂജയും താന്ത്രികവിദ്യയും അഭ്യസിപ്പിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് ദലിതര്‍ നടത്തുന്ന വിദ്യാപീഠങ്ങള്‍ പുറത്ത്. കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നാണ് ദലിതര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പുറത്തായത്.
സംഘ്പരിവാറിന്റെ അധീനതയിലുള്ളതും സവര്‍ണര്‍ക്കുമാത്രം പ്രവേശനംനല്‍കുന്നതുമായ ആലുവ തന്ത്രവിദ്യാപീഠം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. സര്‍ക്കാര്‍ ഇത്തവണ പുറത്തിറക്കിയ സ്ഥാപനങ്ങളുടെ പട്ടികയില്‍ നമ്പൂതിരി മുതല്‍ ഈഴവര്‍ വരെ നടത്തുന്ന 21 ആശ്രമങ്ങളുടെ പേരുണ്ടെങ്കിലും ദലിതരുടെ ഒരു സ്ഥാപനം പോലുമില്ല. ക്ഷേത്രങ്ങളില്‍ ദലിതര്‍ക്ക് പൂജാരിമാരോ തന്ത്രിമാരോ ആയി നിയമനം ലഭിക്കണമെങ്കില്‍ കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച വിദ്യാപീഠങ്ങളില്‍നിന്ന് താന്ത്രിക, പൂജ കോഴ്‌സുകള്‍ പഠിച്ചവരാകണമെന്നാണ് വ്യവസ്ഥ. പുതിയ പട്ടിക പുറത്തുവന്നതോടെ പൂജാരിമാരായും ശാന്തിക്കാരായും ദലിതരെ നിയമിക്കുന്നതിന് തടയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ദലിതരുടെ വിദ്യാപീഠങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ അവിടെനിന്ന് പഠിച്ചിറങ്ങുന്നവര്‍ ഇനി അയോഗ്യരായി മാറും. കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. 21 സ്ഥാപനങ്ങളെയാണ് മൂന്നുവര്‍ഷത്തേക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പട്ടിക പുനഃപരിശോധനക്ക് വിധേയമാക്കുന്നതാണ് രീതി. പട്ടികയിലുള്ള കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ലഭിക്കുന്ന ആലുവ വിദ്യാപീഠം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസാണ് പഠിതാക്കളില്‍നിന്ന് ഈടാക്കുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്നവരെ മാത്രം താന്ത്രിക, പൂജാ കര്‍മങ്ങള്‍ ചെയ്യുന്നവരാക്കി മാറ്റുന്നതിലൂടെ സംഘ്പരിവാറിന്റെ അജന്‍ഡ നടപ്പാക്കുന്നതിന് കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ ദലിതരെ താന്ത്രികവിദ്യ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്. രാജ്യത്തെ ഏക ദലിത് തന്ത്രിയായ ബിജുനാരായണന്‍ നടത്തുന്ന മാതൃകുലധര്‍മ്മരക്ഷാ ആശ്രമം അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. അപേക്ഷയില്‍ പട്ടികജാതിക്കാരെയും ആദിവാസികളെയും പഠിപ്പിക്കുന്ന വിദ്യാപീഠം എന്ന് രേഖപ്പെടുത്തിയതാണ് നിരസിക്കാന്‍ കാരണമായത്. ആദിവാസികളെയും ദലിതരെയും താന്ത്രികകര്‍മങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാപീഠമാണ് മാതൃകുലധര്‍മ്മരക്ഷാ ആശ്രമം. ദലിതന്റെ തനത് പാരമ്പര്യം നിലനിര്‍ത്തിയാണ് ഇവിടെ കര്‍മങ്ങള്‍ അഭ്യസിപ്പിക്കുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ ദലിതനായ സുമേഷിനെ കഴിഞ്ഞവര്‍ഷം കൊല്ലം നെല്ലുവിള ക്ഷേത്രത്തില്‍ പൂജാരിയായി നിയമിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ വന്നതോടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദലിതര്‍വരെ പൂജാരിമാരായെന്ന് സര്‍ക്കാര്‍ പ്രചാരണം നടത്തിയിരുന്നു. സവര്‍ണര്‍ നടത്തുന്ന വിദ്യാപീഠങ്ങളില്‍ ദലിതരെ അപൂര്‍വമായി താന്ത്രികവിദ്യകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും പൈതൃക പാരമ്പര്യം ഉപേക്ഷിച്ച് പൂണൂല്‍ ധരിച്ച് കര്‍മബ്രാഹ്മണനാകണമെന്ന നിബന്ധനയുണ്ട്. സ്വന്തം പേരുപോലും ഉപേക്ഷിച്ച് ബ്രാഹ്മണന്റെ സംസ്‌കാരങ്ങളും ഭക്ഷണരീതികളും സ്വീകരിച്ചുവന്നവരെ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ താന്ത്രികപഠനത്തിന് പ്രവേശിപ്പിക്കാറുള്ളൂ. കേരളത്തില്‍ കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡ് നിയമിച്ച ആറില്‍ അഞ്ച് ദലിത്പൂജാരിമാരും ഇത്തരത്തില്‍ ബ്രാഹ്മണ്യം സ്വീകരിച്ചവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."