തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ
ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി ഇന്ത്യ .ഫൈനലിൽ ആതിഥേരായ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം ചൂടിയത്. ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ ഇന്നലെയും മികച്ച ഫോമിലായിരുന്നു. ദക്ഷിണ കൊറിയയെ 4-1ന് തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
ഫൈനലിലും അതേ പ്രകടനം ആവർത്തിക്കാൻ ഇന്ത്യ മറന്നില്ല. 51ാം മിനുട്ടിൽ ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയുടെ നേടിയത്. ഇന്ത്യൻ ഹോക്കി ടീം അഞ്ചാം തവണയാണ് ഏഷ്യൻ ചാംപ്യൻസ് ട്രോഫി കീരിടം സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അഞ്ച് മത്സരങ്ങളും വിജയിച്ച് കിരീടപ്പോരാട്ടത്തിനെത്തിയ ഇന്ത്യൻ ടീമിന് അവസാന മത്സരത്തിലും മികച്ച തുടക്കമായിരുന്നു. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യക്ക് ഗോൾ നേടാനുള്ള സുവർണാവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഗോളില്ഡ നിന്ന് ഇന്ത്യൻ മുന്നേറ്റ നിരയെ തടഞ്ഞ് നിർത്തി. രണ്ടാം ക്വാർട്ടർ തീർന്നപ്പോഴേക്കും ഇന്ത്യ അഞ്ച് പെനാൽറ്റി കോർണറുകൾ നേടിയെടുത്തിരുന്നു. എന്നാൽ അതിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യൻ മുന്നേറ്റ നിരയ്ക്ക് കഴിഞ്ഞില്ല.
മൂന്നാം ക്വാർട്ടറിലും ആദ്യ ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ പല നീക്കങ്ങളും ചൈനയുടെ പ്രതിരോധത്തിനപ്പുറം കടത്താൻ സാധിച്ചില്ല. ഈ സമയത്ത് സർവശക്തിയുമെടുത്ത് ചൈനയും പൊരുതിക്കൊണ്ടിരുന്നു. പിന്നീട് 51ാം മിനുട്ടിൽ മികച്ചൊരു ഫീൽഡ് ഗോളിലൂടെ ജുഗ്‌രാജ് സിങ് ഇന്ത്യയുടെ ആദ്യ ഗോൾ നേടുകയായിരുന്നു. ഒരു ഗോൾ നേടിയതോടെ ഇന്ത്യ പ്രതിരോധത്തിലൂന്നിയ മത്സരമായിരുന്നു പുറത്തെടുത്തത്. ഒരു ഗോൾ ലീഡ് നേടിയതോടെ അതിൽ പിടിച്ചു രക്ഷപ്പെടാനായിരുന്നു ഇന്ത്യയുടെ ശ്രമം. ഇന്ത്യ അതിൽ വിജയം നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."