വേനല്‍ കത്തുന്നു; ജലക്ഷാമം രൂക്ഷം; ചെക്ഡാമുകളില്‍ പകുതിയും ഉപയോഗശൂന്യം
കാസര്‍കോട്: ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവുമ്പോള്‍ പരിഹാരമാകേണ്ട ചെക്ക്ഡാമുകള്‍ പലതും പൂര്‍ണമായും ഉപയോഗശൂന്യം. അനൗദ്യോഗിക കണക്ക് പ്രകാരം പുഴകളിലും തോടുകളിലും നേരത്തെ നിര്‍മ്മിച്ച 576 ചെക്ഡാമുകള്‍ ഉള്ളതില്‍ പകുതിയും ഉപയോഗശൂന്യമാണ്. ചെക്ക് ഡാമുകളുടെ പരിപാലനത്തില്‍ മാതൃകാ പദ്ധതികള്‍ ജില്ലയില്‍ പലയിടത്തും നടപ്പാവുമ്പോഴാണ് ഇത്രയേറെ ചെക് ഡാമുകള്‍ ഉപയോഗമില്ലാതെ കിടക്കുന്നത്. ജില്ലയിലെ ജലക്ഷാമത്തെ കുറിച്ച് വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഈ സംഘം ജില്ലയിലെ വിവിധ ചെക്ക് ഡാമുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.
ഈ പരിശോധനയിലാണ് ജില്ലയില്‍ 576 ചെക് ഡാമുകള്‍ ഉണ്ടെന്നും അതില്‍ പകുതിയും ഉപയോഗശൂന്യമാണെന്നും കണ്ടെത്തിയത്. ജില്ലയിലെ കുടിവെള്ള ക്ഷാമത്തിനും കാര്‍ഷികാവശ്യത്തിനുള്ള വെള്ളത്തിന്റെ ക്ഷാമത്തിനും പരിഹാരം കാണാന്‍ ഇത്രയും ചെക്ക്ഡാമുകള്‍ നവീകരിച്ച് ഉപയോഗിച്ചാല്‍ മതിയാവും. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയിട്ടില്ല.
അടുത്തടുത്തായി ചെക്്ഡാമുകള്‍ സ്ഥാപിച്ച് കുടിവെള്ളം സംരക്ഷിക്കാനും ഭൂമിയിലേക്ക് ഇറക്കിവിടുകയും ചെയ്യുന്ന മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ ജില്ലയിലാണ് മൂന്നുറിനടുത്ത് ചെക് ഡാമുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് ഡാമുകള്‍ നവീകരിക്കാന്‍ വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാലാണ് ഇത്രയേറെ ചെക്ക് ഡാമുകളുടെ നവീകരണം നടക്കാതെപോകുന്നത്.
ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും ചേര്‍ന്ന് സംയുക്ത പദ്ധതികളുണ്ടാക്കി ഉപയോഗശൂന്യമായി കിടക്കുന്ന ചെക്ഡാമുകള്‍ നവീകരിച്ചാല്‍ ജലക്ഷാമത്തിന് വലിയ പരിഹാരമുണ്ടാക്കാനാവും. ചില പഞ്ചായത്തുകള്‍ ചെക്ഡാമുകള്‍ നവീകരിച്ച് സംരക്ഷിക്കുന്നതിന് സംയുക്ത പദ്ധതി തയാറാക്കണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."