കരിപ്പൂരില്‍ ആറുയാത്രക്കാരില് നിന്നായി 1.4 കിലോ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരില്‍ നിന്നായി 44 ലക്ഷത്തിന്റെ 1424 ഗ്രാം സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
മുംബൈ സ്വദേശി അഹമ്മദുര്‍ റഹ്മാന് ഷെയ്ഖ്(36) മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 116 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. വിപണിയില്‍ 3,77,224 രൂപ വിലലഭിക്കും. കണ്ണൂര്‍ സ്വദേശിനി ശബ്ന(26) ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 156 ഗ്രാം സ്വര്‍ണ ചെയിനുകളും വളകളും കണ്ടെടുത്തു. ഇതിന് 5,00,604 രൂപ വിലവരും.
മലപ്പുറം സ്വദേശിനി ജമീല(38) ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ 348 ഗ്രാം തങ്കത്തിന്റെ രണ്ട് മാലകളും 6 വളകളും കണ്ടെടുത്തു. ഇതിന് 11,16,732 രൂപ വിലവരും. കണ്ണൂര്‍ സ്വദേശിനി ജസീന(30)യില്‍ നിന്ന് 15,74, 620 രൂപ വിലവരുന്ന 524 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. 4 സ്വര്‍ണ ചെയിനുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
നിലമ്പൂര്‍ സ്വദേശി സമീറിന്റെ(28) ശരീരത്തില്‍ നിന്ന് 4,50,750 രൂപ വിലവരുന്ന 150 ഗ്രാമിന്റെ ഒരു സ്വര്‍ണ ചെയിനാണ് കണ്ടെടുത്തത്. കണ്ണൂര്‍ സ്വദേശി ഷാജുദ്ദീന്‍(35) ശരീരത്തില്‍ ധരിച്ച് കടത്താന്‍ ശ്രമിച്ച 130 ഗ്രാമിന്റെ സ്വര്‍ണചെയിനും കണ്ടെടുത്തു.
ഇതിന് 3,90,650 രൂപ വിലവരും. 6 കേസുകളിലായി 44,05,600 രൂപ വിലവരുന്ന 1424 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."