റോഡരികിലെ മാങ്ങകള്‍ ലേലം ചെയ്തതില്‍ അഴിമതി നടന്നതായി ആരോപണം
മുക്കം: ജില്ലയിലെ വിവിധ റോഡരികുകളിലെ പുറമ്പോക്കില്‍ വളരുന്ന നാട്ടുമാവുകളിലെ മാങ്ങകള്‍ ലേലം ചെയ്തതില്‍ അഴിമതി നടന്നതായി ആരോപണം. ലക്ഷങ്ങള്‍ വിലവരുന്ന മാങ്ങകള്‍ തുച്ഛമായ വിലക്ക് ലേലം ചെയ്ത പൊതുമരാമത്ത് വകുപ്പിന്റെ നടപടിയാണ് വിവാദമായത്.
കോഴിക്കോട് ജില്ലയിലെ ആയിരത്തില്‍പ്പരം മാവുകളിലെ നാട്ടു മാങ്ങകളാണ് തുച്ഛമായ വിലക്ക് പെരിന്തല്‍മണ്ണ സ്വദേശിയായ സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു നല്‍കിയത്. ലക്ഷങ്ങള്‍ വിലവരുന്ന മാങ്ങകള്‍ ലേലം ചെയ്തു നല്‍കിയത് വെറും അറുപതിനായിരം രൂപക്കാണ്. വേണ്ടത്ര പരസ്യം നല്‍കാതെയും മറ്റുള്ളവരെ അറിയിക്കാതെയുമാണ് ലേലം നടത്തിയതെന്നും ആരോപണമുണ്ട്.
വന്‍കിട അച്ചാര്‍ കമ്പനികള്‍ക്ക് നല്‍കുന്നതിനായി തീരെ ചെറിയ മാങ്ങകള്‍ വരെ തളിരോടെ വ്യാപകമായി പറിച്ചു കടത്തുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമാണ് ലേലത്തിലൂടെ സ്വകാര്യവ്യക്തിക്ക് ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ഇഷ്ടപ്പെട്ട വ്യക്തിക്ക് ലേലം നല്‍കുകയായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി നാട്ടുമാവുകളാണ് റോഡരികുകളില്‍ നിലകൊള്ളുന്നത്.
വംശനാശം വന്നു കൊണ്ടിരിക്കുന്ന അപൂര്‍വ ഇനം മാവുകളാണ് ഇതില്‍ അധികവും. ഇതിലെ മാമ്പഴത്തിന് അതീവ രുചിയുമാണ്. ഓരോ പ്രദേശത്തേയും ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം മാമ്പഴക്കാലത്തിന്റെ നല്ല ഓര്‍മകള്‍ നല്‍കുന്നവയാണ് ഈ നാട്ടുമാവുകള്‍.
ഈ മാങ്ങ ഉപയോഗിച്ച് അച്ചാറുകളും മറ്റുമുണ്ടാക്കുന്ന വന്‍കിട കമ്പനികളില്‍ നിന്നുള്ള ഡിമാന്റ് മനസിലാക്കിയാണ് വന്‍ മാഫിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മാവുകള്‍ ഒന്നിച്ച് കൈക്കലാക്കിയത്.
തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വരുന്ന 40 ഓളം തൊഴിലാളികളടങ്ങിയ സംഘമാണ് ഓരോ മാവിലേയും തളിര് പോലും ബാക്കി വയ്ക്കാതെ പറിച്ചു കടത്തുന്നത്.
ഇതിനെതിരേ നാട്ടുകാരിലും വന്‍ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും കരാറുകാരനും തമ്മില്‍ പരസ്പര ധാരണയോടെ ലേലം നടത്തിയതാണെന്ന് ആരോപിച്ച് കൊടിയത്തൂര്‍ പന്നിക്കോട് അങ്ങാടിക്ക് സമീപം നാട്ടുകാര്‍ മാങ്ങ പറിക്കുന്നത് തടഞ്ഞു.
ഇതുപോലെ പലയിടത്തും മാങ്ങ പറിക്കാന്‍ വന്ന തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."