അഞ്ചാംധനകാര്യ കമ്മിഷന്‍: നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് ഐസക്
തിരുവനന്തപുരം: അഞ്ചാംധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അതേപടി എടുക്കാനാവില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കമ്മിഷനെ വിലകുറച്ചു കാണുന്നില്ല. എന്നാല്‍ സംസ്ഥാന ഖജനാവിനെ അപകടാവസ്ഥയിലാക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ചാംധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് വി.ഡി സതീശന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അധികാര വികേന്ദ്രീകരണത്തെ കാറ്റില്‍ പറത്തി പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്തിന് പിടിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് 12 ഗഡുക്കളായി നല്‍കണമെന്നത് തോമസ് ഐസക്കിന്റെ തന്നെ ആവശ്യമായിരുന്നു. ഇത് ധനകാര്യ കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ ശുപാര്‍ശയെ ധനമന്ത്രി ഇപ്പോള്‍ പൂര്‍ണമായും നിരാകരിക്കുകയാണ്. തദ്ദേശ പെന്‍ഷന്‍ വിതരണത്തിനായി കമ്മിഷന്‍ നിര്‍ദേശിച്ച ബദല്‍ സംവിധാനവും നടപ്പിലാക്കിയില്ല. അതേസമയം, ജനങ്ങളെ പിഴിയുന്ന നികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ തൊണ്ണൂറ് ശതമാനവും നടപ്പാക്കിയെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ എട്ടുമാസമായി വിനോദ നികുതിയില്‍ നിന്നുള്ള വരുമാനം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പരസ്യനികുതി പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. അധികാര വികേന്ദ്രീകരണമാണോ, അതോ കേന്ദ്രീകരണമാണോ നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ഓരോ മാസവും ഗഡുക്കളായി നല്‍കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം കാരണം പൊതു അക്കൗണ്ടില്‍ ഒരു പരിധിയിലധികം തുക നിക്ഷേപിക്കാനാവില്ല. ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകള്‍ അതത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. നിലവിലെ സാഹചര്യത്തില്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പലതും സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടാവസ്ഥയിലാക്കുമെന്നും മന്ത്രി പറഞ്ഞു. പിശുക്കനായ മുതലാളിയുടെ സമീപനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ധനമന്ത്രിക്കെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു കമ്മിഷന്റെ തന്നെ ആവശ്യമുണ്ടോയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ ചോദിച്ചു. കെ.എം മാണിയും ഒ. രാജഗോപാലും പ്രതിപക്ഷത്തെ പിന്തുണച്ച് വാക്കൗട്ട് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."