ഓഖി ദുരന്തം: മാനസികനില തെറ്റി വീടുവിട്ട മത്സ്യത്തൊഴിലാളിയെ നീലേശ്വരത്തു കണ്ടെത്തി
നീലേശ്വരം (കാസര്‍കോട്): ഓഖി ദുരന്തത്തില്‍ പെട്ട് മാനസികനില തെറ്റി വീടുവിട്ട തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ നീലേശ്വരത്തു കണ്ടെത്തി. പൂന്തുറ മണല്‍പ്പുറം ലെയ്‌നിലെ എസ്.സൈമണിനെ (38)യാണ് ബുധനാഴ്ച രാവിലെ നീലേശ്വരത്തു കണ്ടെത്തിയത്. ഓഖിദുരന്ത സമയത്ത് ചെറുവള്ളത്തില്‍ തനിച്ച് മീന്‍പിടിക്കാന്‍ പോയ സൈമണ്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് തീരമണയാനാകാതെ കടലില്‍ കുടുങ്ങുകയായിരുന്നു. നാവികസേന ഇദ്ദേഹത്തെ രക്ഷിച്ചു കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമനുഭവപ്പെട്ട സൈമണ്‍ വീടുവിടുകയും കറങ്ങിത്തിരിഞ്ഞ് നീലേശ്വരത്ത് എത്തുകയുമായിരുന്നു.
ഇദ്ദേഹത്തെ കണ്ടെത്തിയ പൊലിസ് നീലേശ്വരം പൊലിസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അഡീഷനല്‍ എസ്.ഐ ഇ.വി രാജശേഖരന്‍ വിവരമറിയിച്ചതനുസരിച്ച് മാതാവ് എ.അമലോത്ഭവം ഇന്നലെ രാവിലെ നീലേശ്വരത്തെത്തി സൈമണിനേയും കൂട്ടി നാട്ടിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."