സിറിയ: രക്തച്ചൊരിച്ചില്‍ നിലയ്ക്കാത്ത ഏഴാണ്ടുകള്‍
ഡമസ്‌കസ്: സിറിയ ലോകത്തിന്റെ മുന്നില്‍ വിലാപങ്ങളുടെ ഭൂമികയായിട്ട് ഏഴാണ്ടുകള്‍ പിന്നിടുന്നു. 2011 മാര്‍ച്ച് 15ന് തുടങ്ങിയ കെടുതികള്‍ ഇപ്പോഴും മൂര്‍ച്ച കുറയാതെ കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സംസ്‌കാരങ്ങളുടെയും പൈതൃകങ്ങളുടെയും കളിത്തൊട്ടിലായിരുന്ന ഇവിടെ ഇന്ന് നിലവിളികള്‍ ഒഴിഞ്ഞ സമയങ്ങളില്ല. അറബ് വസന്തത്തിന്റെ അലയൊലികള്‍ മുഴങ്ങിയപ്പോള്‍ ഏകാധിപതിയായ ബഷാറുല്‍ അസദിന്റെ മോചനം കൊതിച്ചുവെന്നതാണ് സിറിയന്‍ ജനത ചെയ്ത തെറ്റ്.
തനിക്കെതിരേ ഉയരുന്ന ഓരോ നീക്കങ്ങളെയും ഇതര രാജ്യങ്ങളുടെ സഹായത്തോടെയും സ്വന്തമായും രക്തച്ചൊരിച്ചിലിലൂടെയും ബഷാര്‍ ഇല്ലാതാക്കി. എതിര്‍ക്കുന്നവരെ വിമതരെന്നും തീവ്രവാദികളെന്നും മുദ്ര കുത്തിയായിരുന്നു അടിച്ചമര്‍ത്തല്‍. അന്താരാഷ്ട്ര സമൂഹം ഈ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയായിരുന്നു.
ബോംബാക്രമണങ്ങള്‍ രൂക്ഷമാകുമ്പോള്‍ പേരിന് യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേരും. പ്രസ്താവനകള്‍ മാത്രമായി ഈ ചേരലുകള്‍ അവസാനിക്കും. ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഇത് പതിവ് കാഴ്ചയാവുന്നതോടെ ഏവരാലും ഉപേക്ഷിക്കപ്പെട്ടതായി സിറിയയുടെ ഓരോ പ്രദേശങ്ങളും മാറും. ബഷാര്‍ ഇങ്ങനെ ഓരോ നഗരങ്ങളും സ്വന്തം ജനതയുടെ രക്തം ചിന്തി തന്റെ കീഴിലേക്ക് മാറ്റും.
ഈ തുടര്‍ച്ചകള്‍ക്കിടിയില്‍ സിറിയയില്‍ നഷ്ടപ്പെട്ടത് 4,65,000 ജനങ്ങളടെ ജീവനാണ്. പത്തുലക്ഷം പേര്‍ക്ക് പരുക്കേറ്റു.
രാജ്യത്തിന്റെ പകുതി ജനങ്ങളും, അതായത് 12 മില്യന്‍ ജനങ്ങള്‍ സ്വന്തം കിടപ്പാടം വിട്ടെറിഞ്ഞ് അന്യനാടുകളിലേക്ക് പലായനം ചെയ്തു. ഇതില്‍ പകുതിയും കുട്ടികളാണെന്നാണ് യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന കുട്ടികളില്‍ നിരവധി പേര്‍ അനാഥരാണ്.
ശീഈ പക്ഷക്കാരനായ ബഷാറിന്റെ ക്രൂരതക്ക് സര്‍വ ആശീര്‍വാദങ്ങളും സഹായങ്ങളുമായി ഇറാനെത്തിയിരുന്നു. ഭൂരിപക്ഷമായ സുന്നികളെ ആക്രമിക്കാന്‍ എല്ലാവിധ പിന്തുണയും അവര്‍ നല്‍കി.
സിറിയക്ക് കൂടുതല്‍ ശക്തി പകരാനായി 2015 സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ സൈന്യവും വ്യോമാക്രമണ സഹായങ്ങളുമായി രംഗത്തെത്തി.
ഐ.എസ് തീവ്രവാദികള്‍ക്കെതിരേയുള്ള ആക്രമണമെന്ന പേരില്‍ ജനവാസ മേഖല കേന്ദ്രീകരിച്ചായിരുന്നു മിക്ക വ്യോമാക്രമണങ്ങളും.
ഇതിനിടെ മിക്ക അവസരങ്ങളിലും രാസായുധ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നടത്തി ഭീകരതാണ്ഡവങ്ങളും ബഷാര്‍ നടത്തി. ഏറ്റവും ഒടുവില്‍ വിമതരുടെ കേന്ദ്രമെന്ന് സിറിയ അവകാശപ്പെടുന്ന കിഴക്കന്‍ ഗൂഥയില്‍ മനുഷ്യ രക്തത്തിന്റെ മണം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച റഷ്യന്‍ പിന്തുണയോടെയുള്ള ആക്രമണത്തില്‍ ഇതുവരെ 1,220 പേര്‍ കൊല്ലപ്പെട്ടു. 30 ദിവസത്തെ വെടിനിര്‍ത്തലിനായി റഷ്യ അംഗമായ യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.
ഗൂഥയുടെ തെക്കന്‍ ഭാഗത്ത് ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു.
ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സിറിയ വാര്‍ത്ത ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഗൂഥയില്‍ 'വിമതര്‍' രാസായുധ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുകയാണെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ വിമതര്‍ എന്ന് പറഞ്ഞ് കൊന്നൊടുക്കുന്നത് സാധാരണക്കാരെ മാത്രമാണ്. യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞതുപോലെ ഭൂമിയിലെ നരകമായി സിറിയ മാറിയെന്നത് വസ്തുതയാണ്.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശഹത്യ നടന്ന പ്രദേശമായി സിറിയ വിലയിരുത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."