നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുത്തു
കോഴിക്കോട്: ഇക്കഴിഞ്ഞ മൂന്നു മാസമായി മുഹമ്മദ് സയാന് വിസിലൂതിക്കൊണ്ടിരിക്കയായിരുന്നു. വായയിലൂടെയല്ലെന്ന് മാത്രം. നാലു വയസുകാരന് സയാന്റെ ശ്വാസകോശത്തിലാണ് വിസിലുണ്ടായിരുന്നത്.
കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സയാന്റെ ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങുന്നത് മൂന്ന് മാസം മുന്‍പാണ്. ശ്വസോച്ഛാസത്തിന് ബുദ്ധിമുട്ടും ശ്വസിക്കുമ്പോള്‍ ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ തേടി. താല്‍ക്കാലിക ശമനം ലഭിച്ചുവെങ്കിലും തുടര്‍ച്ചയായ ചുമയും ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും മൂലം കഷ്ടപ്പെടുകയായിരുന്നു കുട്ടി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. തുടര്‍ന്ന് കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെത്തുകയായിരുന്നു.
ആശുപത്രിയിലെ പീഡിയാട്രിക് സര്ജനനായ ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം വലത് ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വിസില്‍ സി.ടി സ്കാനിലൂടെ കണ്ടെത്തി. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണിത്. എന്നാല്‍ മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങള്‍ വളര്‍ന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തരഘട്ടത്തില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് കുട്ടിയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ ശേഷം ബ്രോങ്കോസ്കോപിയിലൂടെ വിസില്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. അത് വിജയിക്കുകയും ചെയ്തു. കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."