ഗ്രീക്ക് ദ്വീപില്‍ അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 മരണം
ഏതന്‍സ്: അഭയാര്‍ഥി കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കുട്ടികള്‍ അടക്കം 15 പേര് മരിച്ചു. ഈജിയന്‍ കടലില്‍ ഗ്രീക്ക് തീരത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തുര്‍ക്കി തീരത്തോടടുത്ത ഗ്രീക്ക് ഉപദ്വീപായ അഗത്തോനിസിക്കടുത്താണ് അപകടമുണ്ടായത്.
മരിച്ചവരില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടും. മൂന്നു പേരെ രക്ഷിക്കുകയും നാലിലേറെ പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ ഗ്രീക്ക് തീരരക്ഷാ സേന അറിയിച്ചു. 22 പേര് ബോട്ടിലുണ്ടായിരുന്നതായാണു കരുതപ്പെടുന്നത്. എന്നാല്‍, ഇവര്‍ എവിടെത്തുകാരാണെന്നു വ്യക്തമായിട്ടില്ല.
രണ്ട് ഹെലികോപ്ടറുകളുടെ സഹായത്താലാണു തീരരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. 2015 മുതല്‍ അഭയാര്‍ഥികള്‍ അടങ്ങുന്ന പതിനായിരക്കണക്കിനു കുടിയേറ്റക്കാരാണ് തുര്‍ക്കി വഴി ഗ്രീസിലേക്കു കടന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ, യമന്‍ എന്നിവിടങ്ങളില്‍നിന്നാണു ജനങ്ങള്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നത്. ഇതിനിടയില്‍ നിരവധി പേര് ബോട്ട് മറിഞ്ഞും മറ്റും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുടിയേറ്റം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍-തുര്‍ക്കി അധികൃതര്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ വര്‍ഷം ഈജിയന്‍ കടലിലുണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ഥി ദുരന്തമാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."