കാരുണ്യപ്പുടവകള്‍
ഉടുവസ്ത്രമില്ലാതെ വലയുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. പ്രത്യേകിച്ചും ആദിവാസി ഊരുകളില്‍. ഒരു വസ്ത്രം തന്നെ അലക്കിയുടുത്തു കാലങ്ങളോളം ഇട്ടുനടക്കുന്നവരും കീറിയ വസ്ത്രം ധരിക്കുന്നവരുമായി ഒട്ടേറെ പേര്‍. ഉപയോഗിക്കാത്ത വസ്ത്രങ്ങളും നമ്മുടെ വീടുകളില്‍ യഥേഷ്ടമുണ്ട്. ഷെല്‍ഫില്‍ അടുക്കിവച്ചു ധരിക്കാന്‍ ആളില്ലാത്ത വസ്ത്രക്കൂട്ടങ്ങള്‍. ഇവ അത്യാവശ്യക്കാര്‍ക്കു ലഭിക്കുകയാണെങ്കില്‍ ഒരുപാടു ജീവിതങ്ങള്‍ക്ക് ആശ്വാസമാകും. ഇതെങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലായിരുന്നു ഏറെകാലം ഫാസില്‍ മുസ്തഫ. സൃഹുത്തുക്കളടക്കം പലരോടും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും കിട്ടിയതു പിന്തിരിപ്പിക്കുന്ന വാക്കുകളായിരുന്നു. ഒടുവില്‍ മുസ്തഫ തന്നെ അതിനു വഴികണ്ടെത്തി.
ഇന്ന് തിരുവനന്തപുരത്ത് പൂജപ്പുരയിലും വയനാട് സുല്‍ത്താന്‍ബത്തേരിയിലും മാനന്തവാടിയിലും മലപ്പുറത്ത് പെരുമ്പടപ്പിലുമെല്ലാം കാണുന്ന വസ്ത്രപ്പെട്ടികള്‍ ഫാസില്‍ മുസ്തഫയുടെ ചിന്തയുടെ ഫലമാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ നാട്ടുകാര്‍ വസ്ത്രപ്പെട്ടിയിലിടും. ഇവിടെ നിക്ഷേപിക്കുന്ന വസ്ത്രങ്ങള്‍ പിന്നീട് എത്തുന്നത് ഉടുതുണിക്കു മറുതുണിയില്ലാത്ത പാവങ്ങളുടെ കൈയിലാണ്. വയനാട് ആദിവാസി കോളനിയിലും തിരുവനന്തപുരം അട്ടത്തോട് ആദിവാസി കോളനികളിലും വൃദ്ധസദനങ്ങളിലും നിരവധി തവണ ഇത്തരം വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വസ്ത്രപ്പെട്ടിയുടെ നന്മയറിഞ്ഞു പല സുഹൃത്തുക്കളും കൂട്ടായ്മകളും പ്രദേശവാസികളും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. നാട്ടിലുടനീളം വസ്ത്രപ്പെട്ടികള്‍ സ്ഥാപിക്കപ്പെടുകയാണെങ്കില്‍ നാണം മറക്കാന്‍ വകയില്ലാത്തവര്‍ക്ക് അതൊരു ആശ്വാസമാവുമെന്ന പ്രതീക്ഷയിലാണ് ഫാസില്‍ മുസ്തഫ.
ദുബൈയില്‍നിന്നു നാട്ടിലെത്തിച്ച മോഹം
പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ ഫാസില്‍ മുസ്തഫ പത്തു വര്‍ഷത്തിലധികമായി ദുബൈയില്‍ സെയില്‍സ് എക്‌സിക്യൂട്ടിവായി ജോലി നോക്കുകയാണ്. ജോലി തിരക്കിനിടയില്‍ വീണുകിട്ടുന്ന അവധിയിലാണ് ഫാസില്‍ നാട്ടിലെത്തി വസ്ത്രശേഖരണവും വിതരണവും നടത്തുന്നത്. നാട്ടില്‍ ക്ലോത്ത് ബാങ്ക് സ്ഥാപിക്കാനുള്ള പ്രചോദനം ലഭിച്ചതും ജോലി സ്ഥലത്തുനിന്നാണ്. ദുബൈയില്‍ വസ്ത്രപ്പെട്ടികള്‍ ധാരാളമുണ്ട്. ഫാസില്‍ താമസിക്കുന്ന കെട്ടിടത്തിനു താഴെയുമുണ്ട് ഇത്തരത്തിലൊന്ന്.
ദുബൈയിലെ ഭരണാധികാരികളുടെയും നാട്ടുകാരുടെയും സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകങ്ങളാണിത്. അവിടെ ഇതിന് ആവശ്യക്കാരില്ലെങ്കിലും മറ്റു ദരിദ്രരാജ്യങ്ങളിലേക്കു കയറ്റിയയക്കുകയാണു ചെയ്യുന്നത്. ഈ കാരുണ്യപ്പെട്ടി നമ്മുടെ നാട്ടിലും സ്ഥാപിക്കണമെന്ന ആഗ്രഹം ഫാസിലിന്റെ മനസിലുയര്‍ന്നു. കേരളത്തിലാകുമ്പോള്‍ പെട്ടിയിലൂടെ ലഭിക്കുന്ന വസ്ത്രങ്ങള്‍ കയറ്റിയയക്കേണ്ടതില്ല. ആവശ്യക്കാര്‍ നാട്ടില്‍തന്നെ ധാരാളമുണ്ട്. ആശയം പലരുമായും പങ്കുവച്ചെങ്കിലും പിന്തുണ നല്‍കാന്‍ അധികമാരും ഉണ്ടായിരുന്നില്ല. പകരം പലരും ആശങ്കകള്‍ പങ്കുവച്ചു. സാമൂഹികവിരുദ്ധരുണ്ടാക്കുന്ന പ്രശ്‌നങ്ങളായിരുന്നു അവയില്‍ പ്രധാനം.
വസ്ത്രത്തിനുപകരം മറ്റു സാധനങ്ങള്‍ ഇടുന്നതു തടയാനും വസ്ത്രം നിറഞ്ഞാല്‍ അറിയാനും അവ അര്‍ഹരിലേക്ക് എത്തിക്കാനുമൊക്കെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകര്‍ ആവശ്യമായിരുന്നു. നാട്ടില്‍ സേവനമനോഭാവമുള്ളവരെ കണ്ടെത്താന്‍ സാധിച്ചത് ആദ്യഘട്ട വിജയമായി. വസ്ത്രങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യമായ പെട്ടി നിര്‍മിക്കാനുള്ള ചെലവായിരുന്നു മറ്റൊരു പ്രതിസന്ധി. നല്ലൊരു തുക ഇതിനു ചെലവിടേണ്ടി വന്നു. സുമനസുകളുടെ പിന്തുണയും സഹായവും ലഭിച്ചതോടെ നാലുസ്ഥലങ്ങളില്‍ വസ്ത്രപ്പെട്ടി യാഥാര്‍ഥ്യമായി.
സേവനസന്നദ്ധരെ വേണം
വസ്ത്രപ്പെട്ടിയിലെ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരായി നമ്മുടെ നാട്ടില്‍ ഏറെ പേരുണ്ടെന്ന് ഫാസില്‍ മുസ്തഫ പറയുന്നു. പെട്ടികള്‍ സ്ഥാപിക്കുന്ന പ്രദേശത്തും ചുറ്റുവട്ടത്തുമുള്ളവര്‍ക്കുമാണ് ആദ്യ പരിഗണന നല്‍കുന്നത്. ആദിവാസി കോളനികള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്. ഇങ്ങനെ ഒരു പദ്ധതിയുണ്ടെന്നറിഞ്ഞു വൃദ്ധസദനങ്ങളടക്കമുള്ള സ്ഥാപനങ്ങളില്‍നിന്ന് ആവശ്യക്കാര്‍ ബന്ധപ്പെട്ടിരുന്നു. പെട്ടികള്‍ നിറയുന്നതിനനുസരിച്ച് ആവശ്യക്കാര്‍ക്കിത് എത്തിച്ചുകൊടുക്കാനാണു തീരുമാനം.
ഇരുപതു ദിവസത്തെ അവധിക്കു നാട്ടിലെത്തിയപ്പോഴാണു മൂന്നു സ്ഥലങ്ങളില്‍ പെട്ടി സ്ഥാപിച്ചത്. മുഴുവന്‍ ജില്ലകളില്‍ ഓരോ പെട്ടിയെങ്കിലും സ്ഥാപിക്കണമെന്നുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയും സേവനസന്നദ്ധരായ ആളുകളുടെ അഭാവവും മൂലം നടന്നില്ല. പെട്ടി നിര്‍മിക്കാനുള്ള പണവും സ്ഥാപിക്കാനുള്ള സ്ഥലവുമെല്ലാം കണ്ടെത്താന്‍ എളുപ്പമാണ്. പക്ഷേ ഇത് ആത്മാര്‍ഥമായി നടത്തിക്കൊണ്ടുപോകാന്‍ മനസില്‍ നന്മയും സേവനമനോഭാവവുമുള്ള ഒരു കൂട്ടായ്മ വേണം.
നിക്ഷേപിച്ച വസ്ത്രങ്ങളില്‍ സ്്ത്രീകളുടെയും പുരുഷന്മാരുടെയും വലുതും ചെറുതുമൊക്കെ വേര്‍തിരിച്ചാണു വിതരണം ചെയ്യുന്നത്. ഫെയ്‌സ്ബുക്കിലെ സൗഹൃദങ്ങളുമായുള്ള ബന്ധമുപയോഗിച്ചാണു നിലവില്‍ പെട്ടികള്‍ സ്ഥാപിച്ചതും നടത്തിക്കൊണ്ടുപോകുന്നതും. വയനാട്ടിലെ മാനന്തവാടിയില്‍ പെട്ടി സ്ഥാപിക്കാന്‍ കെ.എം.സി.സിയുടെ സഹായം ലഭിച്ചു. ഈ മാസംതന്നെ ആറ്റിങ്ങലില്‍ മറ്റൊന്നു സ്ഥാപിക്കും. കുറ്റിപ്പുറം, ബാലുശ്ശേരി, കോഴിക്കോട് ടൗണ്‍ എന്നിവിടങ്ങളിലും താമസിയാതെ വസ്ത്രപ്പെട്ടികള്‍ വരും. അടുത്ത മാസത്തോടെ തൃശൂരിലും സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.
വയനാട്ടില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണു വസ്ത്രപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. രണ്ടുമാസം ഓരോ സ്‌കൂളുകളിലും വസ്ത്രപ്പെട്ടിയെത്തിക്കുന്ന രീതിയിലാണു പദ്ധതി. വസ്ത്രങ്ങള്‍ ശേഖരിക്കാനും അതുവഴി പുതുതലമുറയ്ക്കു നന്മയുടെ സന്ദേശം കൈമാറാനും ഇതു സഹായകമാവും. വയനാട്ടിലെ ഒരു സ്‌കൂളില്‍ പെട്ടി വച്ച് അതിന്റെ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്കു വിശദീകരിച്ചു കൊടുത്തു. രണ്ടു ദിവസത്തിനകം ആറടി ഉയരമുള്ള പെട്ടി അലക്കി ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ കൊണ്ടു നിറഞ്ഞുകവിഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുത്താല്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ നന്നായി അവര്‍ കൈകാര്യം ചെയ്യുമെന്ന് ഫാസില്‍ മുസ്തഫ പറയുന്നു. സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അതതു പ്രദേശങ്ങളിലെ കച്ചവടക്കാരുമായി സഹകരിച്ചു നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണു ശ്രമം. പെട്ടി സ്ഥാപിക്കാന്‍ താല്‍പര്യമുള്ളവര്‍ 00971 559689698 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫാസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."