പ്രവാസികള്‍ക്കായി പുതിയ വായ്പാപദ്ധതി: മന്ത്രി ബാലന്‍
കൊല്ലം: സംസ്ഥാനത്ത് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് 20 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി ഇന്നു മുതല്‍ തുടങ്ങുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ കൊല്ലം ജില്ലാ ഓഫിസ് മന്ദിരത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം.
പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്ക് പരമാവധി വായ്പയായി നല്‍കുന്ന 20 ലക്ഷം രൂപയ്ക്ക് മൂന്നുലക്ഷം രൂപ സബ്‌സിഡി നല്‍കും. 17 ലക്ഷം രൂപയ്ക്ക് 6 മുതല്‍ എട്ടു ശതമാനം വരെ പലിശ നല്‍കിയാല്‍ മതിയാകും. ഓരോ സി.ഡി.എസിനും ഗ്യാരന്റി ഇല്ലാതെ തന്നെ ഒരു കോടി രൂപ വീതമാണ് വായ്പ നല്‍കുന്നത്. അയല്‍ക്കൂട്ടം ഓരോന്നിനും 10 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സാഹചര്യം ഇതുവഴി ഉണ്ടാകും.
കുടുംബശ്രീയുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി മൈക്രോ ഫിനാന്‍സിലൂടെ 245 കോടി രൂപ ഇതിനകം നല്‍കാനായി. 1,80,000 വനിതകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ശതമാനം വരെ മാത്രം പലിശയ്ക്കാണ് വായ്പ ലഭ്യമാക്കിയത്. രാജ്യത്തും വിദേശത്തും പഠിക്കുന്ന കുട്ടികള്‍ക്കും വായ്പ ലഭ്യമാക്കി വരുന്നു. വിദേശ പഠനത്തിന് 20 ലക്ഷം രൂപവരെയാണ് നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി നാലുശതമാനം മാത്രം പലിശയ്ക്കാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്.
വിദ്യാഭ്യാസ പദ്ധതി വായ്പാ തിരിച്ചടവിനായി 175 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. അഭിഭാഷകരുടെ ക്ഷേമപദ്ധതിയിലെ തോത് ഉയര്‍ത്തി 20 ലക്ഷം രൂപയാക്കി. ചികിത്സാ ആനുകൂല്യം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
അന്തരിച്ച എഴുത്തുകാരന്‍ എം. സുകുമാരന്റെ ഭാര്യക്ക് 3000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചു. അവശകലാകാര പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തി.
മഹാത്മാഗാന്ധിയുടെ സന്ദേശങ്ങള്‍ എല്ലായിടത്തുമെത്തിക്കാനായി പ്രത്യേക പരിപാടികള്‍ നടത്തും. ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പരിപാടികള്‍ ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ച് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കും. ഗാന്ധിജിയും കസ്തൂര്‍ബ ഗാന്ധിയും സന്ദര്‍ശിച്ച കേരളത്തിലെ ആറുസ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളും നടത്തുന്നുണ്ട്. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ദാനം മെയ് മാസത്തില്‍ കൊല്ലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ വിവിധ പദ്ധതികളിലായി മൂന്നുകോടി രൂപയുടെ വായ്പാ വിതരണവും മന്ത്രി നിര്‍വഹിച്ചു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി, എം. നൗഷാദ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, കെ.ടി ബാലഭാസ്‌കരന്‍, എ. മഹേന്ദ്രന്‍, എ.പി ജയന്‍, കെ.വി രാജേന്ദ്രന്‍, വി.എസ് പ്രേംജി, കെ.വി രാജേന്ദ്രന്‍, മോഹന്‍ ശങ്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."