കിഴക്കന്‍ ഗൂഥയിലെ വിമതസംഘം യു.എന്നുമായി അനുരഞ്ജന ചര്‍ച്ചയില്‍
യുനൈറ്റഡ് നാഷന്‍സ്: സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയ കിഴക്കന്‍ ഗൂഥയിലെ വിമതസംഘം ഐക്യരാഷ്ട്രസഭയുമായി അനുരഞ്ജന ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം, സന്നദ്ധ സംഘങ്ങളുടെ അടിയന്തര സഹായ വിതരണം, വൈദ്യപരിചരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എന്‍ ദൗത്യസംഘവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മേഖലയിലെ പ്രധാന വിമതസംഘമായ ഫൈലാഖുറഹ്മാന്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിവിലിയന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനായി യു.എന്‍ സംഘവുമായുള്ള ചര്‍ച്ച ഗൗരവതരമായി പുരോഗമിക്കുകയാണെന്ന് ഫൈലാഖ് വക്താവ് വാഇല്‍ അല്‍വാന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുക, നാട്ടുകാര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുക, ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തരമായ വൈദ്യപരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇവിടെനിന്ന് നാടുവിടുന്നതിനെ കുറിച്ചോ ഒഴിപ്പിക്കലിനെ കുറിച്ചോ ചര്‍ച്ച നടക്കുന്നില്ലെന്നും വാഇല്‍ അറിയിച്ചു.
ദമസ്‌കസിനടുത്തെ പ്രതിപക്ഷ കക്ഷികളായ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂഥയുടെ ഏറിയ ഭാഗവും മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. നഗരത്തെ പുറത്തുനിന്ന് സിറിയന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. സിറിയന്‍-റഷ്യന്‍ സംയുക്ത സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരക്കണക്കിനു നാട്ടുകാരാണു കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ഞൂറിലേറെ കുട്ടികളും ഉള്‍പ്പെടും. ലക്ഷക്കണക്കിനു നാട്ടുകാര്‍ മേഖലയില്‍നിന്നു മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 20,000ത്തിലേറെ പേര്‍ നാടുവിട്ടതായി യു.എന്നിന്റെ കോഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫേഴ്‌സ് ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."