തദ്ദേശ സ്ഥാപനങ്ങള്‍ പരിഷ്‌കരണം തുടങ്ങി; നികുതിയില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ല
കൊച്ചി: അഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമസ്ത മേഖലയിലും സമൂല നികുതി പരിഷ്‌കരണം തുടങ്ങി. ഇതിന്റെ ഭാഗമായി വസ്തു, തൊഴില്‍, വിനോദം, പരസ്യ നികുതികള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗമുള്ളവര്‍ വരെ ഇനി നികുതി നല്‍കേണ്ടിവരും. 2013ല്‍ ഭേദഗതി ചെയ്ത 2011ലെ കേരള പഞ്ചായത്തീരാജ് ചട്ടങ്ങളും 2011ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളും 2015 ഏപ്രില്‍ 27ലെ സര്‍ക്കാര്‍ ഉത്തരവും റദ്ദാക്കിയാണ് വസ്തു നികുതി പരിഷ്‌കരിക്കാന്‍ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. നികുതി പരിഷ്‌കരണത്തിലെ ചട്ടങ്ങള്‍ കാലോചിതമായി നിര്‍മിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
നികുതി പരിഷ്‌കരണത്തിലെ വീഴ്ച പ്രാദേശിക ഭരണകൂടങ്ങള്‍ക്കു നഷ്ടംവരുത്തുന്ന സാഹചര്യത്തില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനം തോതില്‍ നഷ്ടപരിഹാരം നല്‍കണം. വസ്തു നികുതിയുടെ കുറഞ്ഞ നിരക്കും കൂടിയ നിരക്കും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. കുറഞ്ഞനിരക്ക് ഏറ്റവും കൂടിയ നിരക്കിന്റെ 75 ശതമാനത്തേക്കാള്‍ കുറയരുത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ 2011 ജനുവരി 14ലെയും 2015 ഫെബ്രുവരി 24ലെയും എല്‍.എസ്.ജി.ഡി വിജ്ഞാപനവും നഗരസഭകളുടെ കാര്യത്തില്‍ 2011 ജനുവരി 14ലെ വിജ്ഞാപനവും പ്രകാരം നിശ്ചയിച്ച കുറഞ്ഞ വസ്തുനികുതി നിരക്കും പരിഷ്‌കരിക്കണം. അനധികൃത നിര്‍മാണം കണ്ടെത്തി നികുതി ഏര്‍പ്പെടുത്തുന്നതിനു വ്യക്തമായ സംവിധാനം വേണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് ശുപാര്‍ശയിലുണ്ട്.
അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തു നികുതിയുടെ പരിധിയില്‍ കൊണ്ടുവരണം. ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങളുടെ നികുതി നിജപ്പെടുത്തി പിരിച്ചെടുക്കാന്‍ പഞ്ചായത്തുകളും നഗരസഭകളും അടിയന്തര നടപടി സ്വീകരിക്കണം. പ്രൊഫഷനലുകള്‍, സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, വ്യാപാരികള്‍, ജീവനക്കാര്‍ എന്നിവരില്‍നിന്നു ശരിയായ രീതിയില്‍ തൊഴില്‍ നികുതി ഈടാക്കണം. ഇതിനായി നികുതി നല്‍കുന്നവരുടെ പട്ടിക പരിഷ്‌കരിക്കണം. നികുതി പിരിവിലെ തട്ടിപ്പ് ഒഴിവാക്കാന്‍ കേബിള്‍, ഡിഷ് ടി.വി ഓപറേറ്റര്‍മാര്‍ വരിക്കാര്‍ക്കു നല്‍കുന്ന രസീതുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും കാര്‍ഷിക പ്രദര്‍ശന കേന്ദ്രങ്ങളിലെയും പ്രവേശന ഫീസും ഹൗസ്‌ബോട്ട് ചാര്‍ജും വിനോദ നികുതിയുടെ പരിധിയില്‍ കൊണ്ടുവരണം. ഹൗസ് ബോട്ടുകള്‍ യാത്ര തുടങ്ങുന്നിടത്തെയോ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കാര്‍ഷിക പ്രദര്‍ശന കേന്ദ്രങ്ങളുടെയും ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെയോ പ്രാദേശിക ഭരണകൂടത്തിനു വിനോദ നികുതി ഈടാക്കാം. പരസ്യ നികുതിക്ക് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കുമായി ഏകീകൃത ചട്ടം സര്‍ക്കാര്‍ നിര്‍മിക്കണം. പ്രദര്‍ശന നികുതിയുടെ മിനിമം നിരക്ക് അഞ്ചു രൂപ മുതല്‍ 50 രൂപവരെയാണ്. ഇതില്‍ 100 ശതമാനം വര്‍ധനവിനും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
ഡി ആന്‍ഡ് ഒ ലൈസന്‍സ് നിയമത്തിനു കീഴില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും ജോലി ചെയ്യുന്നവരില്‍നിന്നു തൊഴില്‍ നികുതി ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ വരുമാനം സ്വമേധയാ വെളുപ്പെടുത്തി തൊഴില്‍ നികുതി നല്‍കണം. ബന്ധപ്പെട്ട അധികാരികള്‍ അതു പരിശോധനയ്ക്കു വിധേയമാക്കുകയും വേണം. ശമ്പള വിഭാഗത്തില്‍പ്പെട്ടവരുടെ സ്ലാബ് തന്നെയാണ് അഭിഭാഷകര്‍ക്കും. തൊഴില്‍ നികുതി അടച്ച് രസീത് ഹാജരാക്കിയാല്‍ മാത്രമേ അഭിഭാഷകരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കൂവെന്ന നിയമം കൊണ്ടുവരണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നുണ്ട്. വിനോദ നികുതിക്കു സര്‍ക്കാര്‍ ഇളവു നല്‍കരുതെന്നും ശുപാര്‍ശയുണ്ട്. 26ാം ചട്ടം ഭേദഗതി വരുത്തി സേവന നികുതി ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഈടാക്കുന്നതു നിര്‍ബന്ധമാക്കണമെന്നുമാണ് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ. കമ്മിഷന്റെ ശുപാര്‍ശകള്‍ പലതും കര്‍ക്കശമായതിനാല്‍ ചിലത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."