കാംബ്രിജ് അനലിറ്റിക്ക: സുക്കര്‍ബര്‍ഗിന് ബ്രിട്ടന്റെ സമന്‍സ്
ലണ്ടന്‍: ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ബ്രിട്ടന്‍ സമന്‍സ് അയച്ചു. ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിയാണ് സുക്കര്‍ബര്‍ഗിനോട് തെളിവെടുപ്പിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ കാംബ്രിജ് അനലിറ്റിക്ക എന്ന പേരിലുള്ള ഡാറ്റാ-ഐ.ടി കമ്പനി ഫേസ്ബുക്ക് അക്കൗണ്ടുകളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം. 50 മില്യന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ബ്രിട്ടന്‍ കേന്ദ്രമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആരോപണം കാംബ്രിജ് അനലിറ്റിക്ക നിഷേധിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് കാംപയിനിലും ഇത്തരത്തില്‍ കമ്പനി ഇടപെട്ടതായി ആരോപണമുണ്ട്.
സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ വ്യാജ വാര്‍ത്താ അന്വേഷണ സമിതി ചെയര്‍മാന്‍ ഡാമിയന്‍ കോളിന്‍സ് സുക്കര്‍ബര്‍ഗിന് കത്തെഴുതി. കാംബ്രിജ് അനലിറ്റിക്കയുടെ ഓഫിസില്‍ റെയ്ഡ് നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ എലിസബത്ത് ഡെനാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."