പെരിയാറില്‍നിന്നും മണല്‍ വാരല്‍: പൊലിസ് ഒത്തുകളിക്കുന്നതായി ആക്ഷേപം
ആലുവ: പെരിയാര്‍ തീരത്ത് നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് അനധികൃതമായി മണല്‍ വാരിക്കൂട്ടുന്നത് റൂറല്‍ എസ്.പിയുടെ സ്‌ക്വാഡ് പിടികൂടിയിട്ടും വീട്ടുടമക്കെതിരെ പൊലിസ് കേസെടുത്തില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ മാസം അഞ്ചിനു പുലര്‍ച്ചെ ജി.സി.ഡി.എ റോഡില്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം നിര്‍മിക്കുന്ന വീടിന്റെ പോര്‍ച്ചിലേക്ക് വഞ്ചിയില്‍നിന്നും മണല്‍ നീക്കുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്. ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ മണല്‍ ലേലം വിളിക്കാനെത്തിയപ്പോഴാണു വീട്ടുടമ ജി.സി.ഡി.എ പാലത്തിങ്കല്‍ വീട്ടില്‍ നീന ആന്റണിക്കെതിരെ കേസെടുത്തില്ലെന്ന വിവരം നാട്ടുകാരറിയുന്നത്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം കാലാവധി പൂര്‍ത്തിയാക്കി സംസ്ഥാന സര്‍വീസിലേക്കു മടങ്ങിയെത്തിയ പോള്‍ ആന്റണിയുടെ ഭാര്യയാണു നീന ആന്റണി.
നിര്‍മാണത്തിലിരിക്കുന്ന വീടിനു വേണ്ടിയാണ് പെരിയാറില്‍ നിന്നും മണല്‍ വാരിയതെന്നു വ്യക്തമായിട്ടും ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നു വീട്ടുടമയെ പൊലിസ് കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ മണല്‍ ലേലം പിടിച്ച തൃശൂര്‍ രാമനാട്ടുകര സ്വദേശി വീട്ടുടമയുടെ അടുത്ത ബന്ധുവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ലോഡ് മണല്‍ 56,000 രൂപക്കാണ് ഇയാള്‍ ലേലം പിടിച്ചത്. സംഭവ ദിവസം മണല്‍ വാരിക്കൊണ്ടിരുന്നവര്‍ പുഴയിലേക്കു ചാടി നീന്തി രക്ഷപ്പെടുകയും ഇടനിലക്കാരന്‍ കാഞ്ഞൂര്‍ കൈപ്ര സ്വദേശി അനൂപ് പിടിയിലാവുകയുമായിരുന്നു.
ഈ സമയം വീട്ടില്‍ അഞ്ച് ലോഡ് മണലും വഞ്ചിയില്‍ പകുതിയും മണല്‍ ഉണ്ടായിരുന്നു.
വീട്ടുടമയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കെതിരെയും കേസുണ്ടാകുമെന്നാണ് അന്നു പൊലിസ് വെളിപ്പെടുത്തിയത്. ഉന്നത സ്വാധീനം ഉണ്ടായതോടെ പൊലിസ് വീട്ടുടമയെ തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു. തന്റെ വീട്ടില്‍ കിടന്ന മണലിനൊപ്പം പൊലിസ് കള്ള മണല്‍കൂട്ടിയതായി കാണിച്ചു നീന ആന്റണി തഹസില്‍ദാര്‍ക്കു പരാതി നല്‍കിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ തള്ളിയിരുന്നു. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ആവശ്യമായ മണല്‍ പെരിയാറില്‍ നിന്നും അനധികൃതമായി വാരുകയാണെന്ന ആക്ഷേപത്തെ തുടര്‍ന്നു നാട്ടുകാര്‍ രഹസ്യ നിരീക്ഷണം നടത്തിയാണു മണല്‍ കടത്തു പിടികൂടിയത്.
മണല്‍ കേസില്‍ ആരോപണ വിധേയനായ വീട്ടുകാര്‍ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ തീരം കൈയേറി മതില്‍ കെട്ടിയത് വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു കൈയേറി നിര്‍മിച്ച മതില്‍ പൊളിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."