ജില്ലാപഞ്ചായത്തിന്റെ ബജറ്റ്: 150 കോടിയുടെ പദ്ധതികള്‍
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ 150 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു വികസന സെമിനാറും ജില്ലാപഞ്ചായത്ത് ഭരണസമിതിയും അംഗീകാരം നല്‍കി. 1,027 പ്രൊജക്ടുകളാണ് തയാറാക്കിയിട്ടുള്ളത്. ഇതില്‍ 270 എണ്ണം ബഹുവര്‍ഷ പദ്ധതികളായി കഴിഞ്ഞ വര്‍ഷം തയാറാക്കിയതാണ്.
896 പൊതുവിഭാഗം പദ്ധതികളും 131 പട്ടികജാതി വിഭാഗം പദ്ധതികളും ആറു പട്ടികവര്‍ഗ പദ്ധതികളുമാണ്. കാര്‍ഷിക മേഖലയ്ക്കാണ് വലിയ പരിഗണന ലഭിച്ചിട്ടുള്ളത്. കൃഷിക്കും ജലസേചനത്തിനുമായി 132 പദ്ധതികളുണ്ട്. 27 കനാല്‍, 26 കുളങ്ങള്‍, 14 വി.സി.ബികള്‍, 16 തടയണകള്‍, അഞ്ചു ലിഫ്റ്റ് ഇറിഗേഷനുകള്‍ എന്നിവയ്ക്കായി 22 കോടി രൂപയും അഞ്ചു കൃഷി ഫാമുകളുടെ നവീകരണത്തിനായി 3.59 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡി, പച്ചക്കറി കൃഷി, 32 ജില്ലാപഞ്ചായത്ത് മണ്ഡലങ്ങളില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കു വേണ്ടി ആഴ്ച ചന്തകള്‍, തരിശ് ഭൂമിയില്‍ കശുമാവ് കൃഷി, പ്രവാസികള്‍ക്കു വ്യവസായ പാര്‍ക്ക്, ചാലിയാര്‍ പുഴയും കടലുണ്ടിപ്പുഴയും പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തല്‍, നെല്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ചു സംഭരണവും സംസ്‌കരണവും, വനിതാ ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരണം, ഒരു മീനും ഒരു നെല്ലും പദ്ധതി, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൊതു ജലാശയങ്ങളുടെ സംരക്ഷണം, മോട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ഐസ് ഹോള്‍ഡിങ് ബോസ്, തുടങ്ങിയവയാണ് ഉല്‍പാദന മേഖലയിലെ പ്രധാന പരിപാടികള്‍,
സേവന മേഖലയില്‍ പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം ഉപമേഖലകള്‍ക്കാണ് മുന്‍ഗണന. 13.58 കോടി രൂപ ലൈഫ് പാര്‍പ്പിട പദ്ധതിക്കു മാത്രം നീക്കിവച്ചു. വിജയഭേരി ശക്തമായി തുടരും. ഐ.എ.എസ്, കെ.എ.എസ് ഓറിയന്റേഷന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കും. നിയമ സാക്ഷരതാ പരിപാടി, കൗമാരാക്കാരായ പെണ്‍കുട്ടികള്‍ക്കു കൗണ്‍സിലിങ്, സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാ പ്രതിഭകള്‍ക്കു പരിശീലനം തുടങ്ങിയവയാണ് വിദ്യാഭ്യാസ മേഖലയിലെ പരിപാടികള്‍. 30 കുടിവെള്ള പദ്ധതികള്‍ക്ക് 3.20 കോടി വകയിരുത്തി.
ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രികളുടെ നവീകരണം, വൃക്ക മാറ്റിവച്ച രോഗികള്‍ക്കു മരുന്ന്, വൃക്ക രോഗ നിര്‍ണയത്തിന് മൊബൈല്‍ ലാബ്, വൃക്ക രോഗികള്‍ക്കു ഡയാലിസിസ് നടത്തുന്നതിന് ഉപകരണങ്ങള്‍ തുടങ്ങിയവയാണുള്ളത്. പട്ടികജാതി വികസനത്തിനു 131 പ്രൊജക്ടുകളായി 22.15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വനിതകളുടെ ക്ഷേമത്തിനായി 46 പദ്ധതികളിലായി 7.81 കോടി രൂപയുടെ പദ്ധതികളാണ് തയാറാക്കിയത്. ഇതില്‍ 3.05 കോടി രൂപ ബഹുവര്‍ഷ പദ്ധതികള്‍ക്കാണ്. പുതിയ പദ്ധതികള്‍ക്ക് 4.76 കോടി രൂപ വകയിരുത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, ശിശുക്കള്‍, ട്രാന്‍സ്ജന്റേഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി 6.06 കോടി രൂപയുടെ 22 പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."