തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇനി സ്പില്‍ ഓവര്‍ വര്‍ക്ക് ഇല്ല
ഒറ്റപ്പാലം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിത തുകയില്‍ ധനകാര്യ വകുപ്പ് പിടിമുറുക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇനി സ്പില്‍ ഓവര്‍ വര്‍ക്ക് ഇല്ല. മാര്‍ച്ച് 31നകം തുക ചെലവഴിച്ചില്ലെങ്കില്‍ ലാപ്‌സാകും.
പ്രാദേശിക സര്‍ക്കാറുകള്‍ക്ക് സംരക്ഷണ ഫണ്ട്, വികസനഫണ്ട് എന്നീ ഇനങ്ങളില്‍ ബജറ്റ് വിഹിതമായി അനുവദിക്കുന്ന തുക അതത് സാമ്പത്തികവര്‍ഷം തന്നെ ചെലവഴിക്കേണ്ടതാണെന്നും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത തുക ലാപ്‌സാകുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ സ്പില്‍ ഓവര്‍ ഇല്ലാതാവും.
ധനകാര്യ (എസ്.എഫ്.സി.സെല്‍ എ) വകുപ്പ് 46 2018 പ്രകാരം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാര്‍ഗരേഖകള്‍ ഭേദഗതി ചെയ്തത് റദ്ദ് ചെയ്തു ഉത്തരവ് ഇറക്കിയത്. ഫെബ്രുവരി 18, 19 തിയ്യതികളിലായി മലപ്പുറത്ത് നടന്ന പഞ്ചായത്ത് സമ്മേളനത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസകും, കെ.ടി ജലീലും സമ്മേളന പ്രതിനിധികള്‍ക്ക് നല്‍കിയ സ്പില്‍ഓവര്‍ അനുവദിക്കുമെന്ന ഉറപ്പാണ് ഉത്തരവിലൂടെ ഇല്ലാതായത്.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പായി പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച തുക ചെലവഴിച്ചില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം അധികധനാനുമതി വഴി ജൂലൈ 25ന് നല്‍കുന്നതാണെന്ന് മാര്‍ച്ച് 17ന് ഇറങ്ങിയ 42ാം നമ്പര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി നാലാം ദിവസം ഇത് റദ്ദു ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ഇതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വികസന മുരടിപ്പിന്റെ വഴിയൊരുക്കും. പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും 2016-17 പദ്ധതികളിലെ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു വരുന്നേയുള്ളൂ.
ഇത്തരം പ്രവൃത്തികളുടെ ഫണ്ട് ലാപ്‌സാവാതിരിക്കാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കേണ്ടിയിരിക്കുന്നു.
പഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെടുന്ന പദ്ധതി വിഹിതം സര്‍ക്കാര്‍ അട്ടിമറിക്കുന്ന ഇത്തരം ഉത്തരവുകള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കും.
ധനകാര്യ വകുപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകകളില്‍ കൈ വയ്ക്കുന്ന നടപടി ഗ്രാമീണപ്രദേശങ്ങളില്‍ ഇതിനകം തന്നെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."