സഊദി കിരീടാവകാശി അമേരിക്കയില്‍: ട്രംപടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: പ്രഥമ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാമ്പുമായി കൂടിക്കാഴ്ച നടത്തി. ചൊവാഴ്ച്ച വൈകീട്ടാണ് കിരീടാവകാശി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
അമേരിക്ക-സഊദി ബന്ധം ഏറ്റവും ഊഷ്മളമായ രീതിയിലാണ് ഇപ്പോഴെന്നു ട്രംപും ഇരു രാജ്യങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിലൂടെ ഭാവിയിലേക്കായി കുറേയധികം കാര്യങ്ങള്‍ ഒരുമിച്ചു പരിഹരിക്കാന്‍ കഴിയുമെന്നു കിരീടാവകാശി കുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച്ചക്കിടെ അഭിപ്രായപ്പെട്ടു. ഇതുവരെ നടത്തിയ കോടികളുടെ പ്രതിരോധ, ആയുധ ഇടപാടുകള്‍ സഊദിക്ക് കപ്പലണ്ടിയുടെ വിലമാത്രമാണെന്ന് ട്രംപ് സരസമായി പറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനത്തിനും യുദ്ധക്കപ്പലുകള്‍ക്കുമായി ഇനിയും കരാറുകള്‍ പിറക്കുമെന്നും ട്രംപ് പറഞ്ഞു.
യു.എസും സഊദിയും തമ്മില്‍ 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനുള്ള കാര്യങ്ങള്‍ നടന്നു വരികയാണ്. സഊദി അറേബ്യ സാമ്പത്തിക കാര്യത്തില്‍ അന്‍പത് ശതമാനം കരാറും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മധ്യേഷ്യയിലെ ഏറ്റവും പുരാതനമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലെന്നും കിരീടാവകാശി പറഞ്ഞു.
സഊദിയുമായുള്ള ബന്ധം ഏറ്റവും ഊഷമളമായ നിലയിലാണിപ്പോള്‍. അമേരിക്കയുമായി ഏറ്റവും അടുത്ത ഉറ്റ സുഹൃത്താണ് സഊദി. താനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഭരണ സാരഥ്യം ഏറ്റടുത്തിട്ട് കുറഞ്ഞ കാലങ്ങളെ ആയിട്ടുള്ളൂവെങ്കിലും ഇരു നേതാക്കളും തമ്മില്‍ ഉറ്റ സുഹൃത്തുക്കളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. തീവ്രവാദ ഫണ്ടിങ്ങില്‍ യാതൊരു വിട്ടു വീഴ്ച്ചക്കും അമേരിക്ക സന്നദ്ധമല്ലെന്നും തീവ്രവാദ ഫണ്ട് തകര്‍ക്കുന്നതില്‍ സഊദി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോജിച്ച രീതിയിലല്ല ഇറാന്‍ ലോക രാജ്യങ്ങളുമായി പെരുമാറുന്നത്. ഇറാനെതിരെ താന്‍ സ്വീകരിക്കുന്ന നടപടി ഒരു മാസത്തിനകം നിങ്ങള്‍ക്ക് കാണാമെന്നും കിരീടാവകാശിയോട് ട്രംപ് പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിവിധ മേഖലകളിലായി സഊദി നിരവധി കരാറുകളിലാണ് ഒപ്പുവച്ചത്. കൂടാതെ നിരവധി അമേരിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈറ്റ് ഹൗസ് ചീഫ് ഉപദേശകന്‍ ജെറിദ് കുഷ്‌നര്‍, വൈറ്റ് ഹൗസ് മധ്യേഷ്യന്‍ പ്രതിനിധി ജേസണ്‍ ഗ്രീന്‍ ബഌറ്റ് ,അമേരിക്കന്‍ സെനറ്റ് ലീഡര്‍ മിച്ച് മാക് കൊണേല്‍, യു.എസ് സെനറ്റ് സ്പീക്കര്‍ പോള്‍ റെയന്‍ എന്നിവരുമായും മധ്യേഷ്യന്‍ സമാധാന കരാര്‍, ഇറാന്‍ ആണവ പ്രശ്‌നം എന്നിവയെ കുറിച്ചും കിരീടാവകാശി ചര്‍ച്ച നടത്തി.
സന്ദര്‍ശനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, ദേശീയ സുരക്ഷാ ഉപദേശകന്‍ ഹെര്‍ബര്‍ട്ട് മൈക് മാസ്റ്റര്‍, യു.എസ് കോണ്‍ഗ്രസ്സിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ചകള്‍ നടത്തും. ശനിയാഴ്ച ബോസ്റ്റണില്‍ എത്തുന്ന കിരീടാവകാശി 26 നു ന്യൂ യോര്‍ക്കില്‍ വച്ച് മുതിര്‍ന്ന സാമ്പത്തിക ഉപദേശകരുമായും കൂടിക്കാഴ്ച നടത്തും. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായും കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."