സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 12 ശതമാനം അനര്‍ഹര്‍
കൊണ്ടോട്ടി: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 12 ശതമാനം അനര്‍ഹരാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സി.എ.ജി) പഠന റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തിരുവന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍വേ നടത്താന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്‍കി. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിക്കുന്ന വിഭാഗമാണ് സി.എ.ജി.
കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി, ഓമശ്ശേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകള്‍, തിരുവനന്തപുരം കോര്‍പറേഷന്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭ, വെങ്കോല, മുടക്കുഴ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ സര്‍വേ നടത്തുക. തിരുവനന്തപുരം കോര്‍പറേഷന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ മുഴുവന്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെയും തിരുവനന്തപുരത്ത് ഒരു വാര്‍ഡിലെ മുഴുവന്‍ പേരെയും സര്‍വേക്ക് വിധേയമാക്കും. 124 ലക്ഷം രൂപ ചെലവിട്ട് നാലു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കും. തുകയുടെ 25 ശതമാനം മുന്‍കൂറായും സര്‍വേ പുരോഗതി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 25 ശതമാനവും ശേഷിക്കുന്ന 50 ശതമാനം പൂര്‍ത്തിയാക്കിയ ശേഷവും നല്‍കും.
2010-11 മുതല്‍ 2014-15 കാലയളവ് വരെ നടത്തിയ പരിശോധനയിലാണ് 12 ശതമാനം അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുമ്പോള്‍ 15 ശതമാനം പേര്‍ പെന്‍ഷന്‍ അനുവദിക്കാന്‍ അര്‍ഹരാണെന്ന് സി.എ.ജി കണ്ടെത്തിയത്. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരായി 42.5 ലക്ഷം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ 10 ലക്ഷം പേരുമാണുള്ളത്. പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ വീടിന്റെ തരം, മക്കളുടെ വരുമാനം, വിദ്യാഭ്യാസ യോഗ്യത, വൈദ്യുതി ബില്‍, കുടംബാംഗങ്ങളുടെ വരുമാനം, വാഹനങ്ങളുടെ കണക്ക്, കച്ചവട സ്ഥാപനങ്ങളില്‍ മൂന്നില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ വിശദവിവരങ്ങള്‍, പെന്‍ഷന്‍ സ്വീകരിക്കുന്ന വിവരങ്ങള്‍, വിദേശത്ത് തൊഴിലെടുക്കുന്നവരുടെയും മാറാരോഗങ്ങളുടെയും വിവരങ്ങള്‍ തുടങ്ങിയവ സര്‍വേയില്‍ പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."