ആരോഗ്യ ഇന്‍ഷുറന്‍സിനായി മെഡി. കോളജില്‍ രോഗികള്‍ വലയുന്നു
ചേവായൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കാനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്നത് കൊടിയ ദുരിതം. അഡ്മിറ്റാവുന്ന രോഗിക്ക് ആനുകൂല്യം ലഭിക്കാനായി ഇന്‍ഷുറന്‍സ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള ടോക്കണ്‍ നമ്പറെടുത്ത് മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ രജിട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്
വാര്‍ഡുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്ന് ലഭിക്കണമെങ്കില്‍ വീണ്ടും ഇന്‍ഷൂറന്‍സ് കൗണ്ടറിലെത്തി ടോക്കണ്‍ നമ്പറെടുത്ത് കുറിപ്പടിയില്‍ സീല്‍ വച്ചു കിട്ടാനായി കാത്തിരിക്കണം. സീല്‍ വച്ചുകഴിഞ്ഞാല്‍ മരുന്ന് വാങ്ങാന്‍ നീതി മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നീണ്ട ക്യൂവില്‍ വീണ്ടും മണിക്കൂറുകള്‍. ഈ ദുരിതം പേറാന്‍ താല്‍പര്യമില്ലാത്ത പലരും ആനുകൂല്യത്തിന് കാത്തുനില്‍ക്കാതെ കൈയിലെ പണമെടുത്ത് കടയില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്ന കാഴ്ച പതിവാണ്. അതിനേക്കാളേറെ വലഞ്ഞുപോകുന്നത് ഡിസ്ചാര്‍ജ് സമയത്താണ്. ഡിസ്ചാര്‍ജായ രോഗിക്ക് ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ നിന്ന് തന്റെ ഇന്‍ഷുറന്‍സ് കാര്‍ഡ് തിരിച്ചു ലഭിക്കണമെങ്കില്‍ ഡിസ്ചാര്‍ജ് കാര്‍ഡ് വേണം. വൈകീട്ടോടെ മാത്രമേ വാര്‍ഡില്‍നിന്ന് രോഗിക്ക് ഡിസ്ചാര്‍ജ് കാര്‍ഡ് ലഭിക്കുകയുള്ളു. ഡിസ്ചാര്‍ജ് കാര്‍ഡുമായി ഇന്‍ഷുറന്‍സ് കൗണ്ടറില്‍ ക്യൂ നിന്നാല്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ 200ന് മുകളിലായിരിക്കും. ഈ നമ്പര്‍ വിളിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്ന് വരെയെങ്കിലും കാത്തിരിക്കണം.
ഡിസ്ചാര്‍ജ് ആയതിനാല്‍ വാര്‍ഡില്‍ നില്‍ക്കാനും സാധിക്കില്ല. രോഗിയും കൂട്ടിരിപ്പുകാരും ഡിസ്ചാര്‍ജിന് ശേഷം ഒരുദിവസംകൂടി ആശുപത്രിയിലും പരിസരത്തുമായി അലഞ്ഞു തിരിയേണ്ടസ്ഥിതിയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ പലരും മുറിയെടുത്ത് താമസിക്കേണ്ട അവസ്ഥയുമാണ്. ആനുകൂല്യം ലഭിക്കേണ്ട രോഗികള്‍ക്കായി രജിസ്‌ട്രേഷന്‍, ഡിസ്ചാര്‍ജ്, മരുന്നിന് സീല്‍ ചെയ്യല്‍ എന്നിങ്ങനെ വിവിധ കൗണ്ടറുകളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗം പ്രവര്‍ത്തിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്ന അധികൃതരുടെ മനോഭാവമാണ് ഈ പ്രശ്‌നങ്ങളുടെ പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."