നാളേക്കായ് കരുതി വയ്ക്കാം ഓരോ തുള്ളിയും
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ഉണര്‍ത്തി ഒരു ജല ദിനം കൂടി... കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. കുടിവെള്ള സ്രോതസുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ജലദിനം മുതല്‍ നമ്മുടെ ജീവാമൃതമായ ഓരോ തുള്ളി ജലത്തെയും സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
തലമുറകളായി സംഭാരം വിതരണം ചെയ്ത് ഒരുകുടുംബം
കൊടുവായൂര്‍: തലമുറകളായി സംഭാരം വിതരണം ചെയ്യുന്ന കണ്ടുവിന്റെ കുടുംബം ഇത്തവണയും തണ്ണിശ്ശേരിയില്‍ തണ്ണീര്‍പന്തല്‍ ആരംഭിച്ചു. രണ്ടര നൂറ്റാണ്ടിലധികം പഴക്കമുണ്ട് തണ്ണിശേരിയിലെ വഴിയാത്രക്കാര്‍ക്കുള്ള സംഭാര വിതരണ പന്തലാണ് മുടങ്ങാതെ സംഭാരവിതരണത്തിന് തണ്ണിശേരിയില്‍ തയ്യാറായിട്ടുള്ളത്.
പെരുവെമ്പ് പഞ്ചായത്തിലെ തണ്ണിശ്ശേരിയില്‍ തോട്ടിങ്കല്‍ തറവാട്ടിലെ കണ്ടുവിന്റെ തലമുറകളാണ് നിലവില്‍ സംഭാര വിതരണം നടത്തിവരുന്നത്.
കൊടുവായൂര്‍ - പാലക്കാട് റോഡില്‍ കിണാശ്ശേരിക്കടുത്ത തണ്ണിശേരിയിലാണ് ഓലകൊണ്ടും ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് താല്‍കാലികമായി നിര്‍മിച്ച ചെറുഷെഡില്‍ സംഭാര വിതരണം നടത്തുന്നത്. എല്ലാവര്‍ഷവും കൊടുമ്പ് തേര് കഴിഞ്ഞ് മൂന്നാം ദിവസമാണ് തുടക്കം കുറിക്കുന്നത്.
രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അകാലമരണങ്ങള്‍ വ്യാപകമായി ഉണ്ടായപ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവണമെങ്കില്‍ വഴിയാത്രക്കാരുടെ ദാഹം ശമിപ്പിക്കുവാന്‍ സംഭാരം വിതരണം സൗജന്യമായി നടത്തണമെന്ന് അന്നത്തെ പണ്ഡിതന്‍മാരും കാരണവന്‍മാരും നിര്‍ദേശിച്ചതോടെയാണ് തലമുറകള്‍ കൈമാറിവന്ന് സംഭാരവിതരണം കൈവിടാതെ മുന്നോട്ടുപോകുന്നതെന്ന് നാലാമത്തെ തലമുറയില്‍പെട്ട എണ്‍പതുകഴിഞ്ഞ കാരണവര്‍ രാമദാസ് പറഞ്ഞു. കണ്ടുവിന്റെ കാലശേഷം ശേഷം തൊട്ടുത്ത തലമുറയിലെ മകന്‍ കുപ്പേലനും തുടര്‍ന്ന് വെള്ളച്ചിയും വെള്ളച്ചിയില്‍ നിന്നുമാണ് മക്കളായ ആണ്ടനും, നാഗു എന്ന നാഗരാജനും സംഭാരവിതരണം കൈമാറിയത്. ഇവരുടെ മരണത്തിനു ശേഷമാണ് ഇരുവരുടെയും മക്കളായ രാധാകൃഷ്ണന്‍, ഗോപാലനുണ്ണി എന്നിവരോടൊപ്പം തന്റെ കുടുംബവും സംഭാരവിതരണം നടത്തിവരുന്നതെന്ന് നിലവില്‍ പാലക്കാട് താമസിക്കുന്ന രാമദാസ് പറയുന്നു.
മൂന്നുപേര്‍ക്കും വാന്ധക്യസഹജമായ അസുഖമുള്ളതിനാല്‍ മക്കളും ചെറുമക്കളുമാണ് നിലവില്‍ തണ്ണിശേരിയിലേക്ക് സംഭാരം എത്തിക്കുന്നത്. എഴുപഞ്ച് കാരിയായ തണ്ണിശേരിയിലെ ദേവുഅമ്മയാണ് തണ്ണീര്‍പന്തലില്‍ സംഭാരം വിതരണം ഏറ്റെടുത്ത് നടത്തിവരുന്നത്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ദേവുഅമ്മ സംഭാര വിതരണം നടത്തുന്നത്. ഒരുമാസത്തിന് സംഭാരവിതരണം നടത്തുന്നതിന് പത്ത് പറ നെല്ലാണ് ലഭിക്കുന്നത്. ആദ്യകാലത്ത് നാലു പറയാണ് നല്‍കി വന്നിരുന്നത്.
വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റുന്നത് ജീവിതത്തില്‍ ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണെന്നതിനാല്‍ വേതനം കുറവാണെങ്കിലും സംഭാരവിതരണത്തിന് മുടങ്ങാതെ ആറാം വര്‍ഷവും വരുന്നതെന്ന് ദേവുഅമ്മ പറയുന്നു.
ദേവുഅമ്മക്ക് മുമ്പ്, തണ്ണിശേരിലൈ തൊഴിലാളികളായ കാരണവര്‍മാരും അമ്മൂമ്മമാരുമാണ് സംഭാരം വിതരണം ചെയ്യുന്ന പന്തലില്‍ എത്തിയിരുന്നതെന്ന് അവര്‍പറയുന്നു. ന
കാരണവന്‍മാര്‍ കൈമാറിതന്ന സേവനപ്രവര്‍ത്തനങ്ങള്‍ വരുന്നതലമുറകളിലും മുടങ്ങാതെ നടത്തിപോകണമെന്നാണ് ആഗ്രഹമെന്ന് പുതുതലമുറയിലെ ഭഗവല്‍ദാസ് പറഞ്ഞു.
കടുത്ത വേനലിലും ജലസമൃദ്ധിയില്‍ കൊക്കര്‍ണി
പാലക്കാട്: ജില്ലയില്‍ വേനല്‍ കനത്തതോടെ ജലാശയങ്ങലെല്ലാം വറ്റിവരളുമ്പോഴും നഗരത്തിലെ ജനവാസ മേഖലയിലെ കൊക്കര്‍ണി ജലസമൃദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്ന അതിശയമാവുകയാണ്. പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ വിദ്യുത് നഗറിലെ കൂറ്റന്‍ കൊക്കര്‍ണിയാണ് എക്കാലത്തും നിറഞ്ഞുനില്‍ക്കുന്നത്.
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കൊക്കര്‍ണിയുടെ ദുരവസ്ഥയെപ്പറ്റി നേരത്തെ പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് കൊക്കര്‍ണിക്ക് പുതുജീവന്‍ നല്‍കിയത്. കോളനിയിലെ താമസക്കാരനായ രഘുവും സാമൂഹ്യ പ്രവര്‍ത്തകനായ സെയ്ത് പറക്കുന്നവുമാണ് കൊക്കര്‍ണിയുടെ ദുരവസ്ഥ പത്രമാധ്യമങ്ങളിലെത്തിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിച്ചതും.
ഒരു വര്‍ഷം മുമ്പ് കോളനി അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന കൊക്കര്‍ണിയുടെ ചുറ്റുമതിലുകള്‍ പ്ലാസ്റ്ററിംഗ് നടത്തുകയും കിണറിനകത്തെ ചെടികളും പാഴ് വസ്തുക്കളും നീക്കി കിണറിന് ഇരുമ്പു വലയിടുകയും ചെയ്തിരുന്നു.
കോളനിയില്‍ സദാസമയം മലമ്പുഴ വെള്ളം വരുന്നതിനാലും മിക്ക വീടുകളിലും കിണറും കുഴല്‍ക്കിണറുകളുമുള്ളതിനാല്‍ കോളനിക്കാര്‍ക്ക് കൊക്കര്‍ണിയുടെ ആവശ്യമില്ല.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് കൃഷി സ്ഥലമായിരുന്ന പ്രദേശമാണ് പിന്നീട് വിദ്യുത് നഗറായി പരിണമിച്ചത്. വിദ്യുത് നഗറും സമീപത്തെ ശാസ്താപുരി കോളനിയിലുമായി ഏകദേശം 200 ഓളം വീടുകളാണുള്ളത്.
പണ്ടുകാലത്ത് ജലസേചനത്തിനായുപയോഗിച്ചിരുന്ന കൊക്കര്‍ണി കോളനി വന്നതോടെ ഉപയോഗശൂന്യമായെങ്കിലും എക്കാലത്തും ജലസമൃദ്ധമാണ്. നഗരത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും റോഡുപണികള്‍ക്കും സ്വകാര്യ വെള്ളക്കമ്പനികളെ ആശ്രയിക്കുന്നവര്‍ക്ക് കൊക്കര്‍ണിയെ ഉപയോഗിക്കാം.
വേനലില്‍ തീപിടുത്തം വര്‍ദ്ദിച്ച സാഹചര്യത്തില്‍ തീയണക്കാന്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഫയര്‍ ഫോഴ്‌സിനും കൊക്കര്‍ണി ഉപയോഗപ്രദമാവും ഫയര്‍ഫോഴ്‌സധികൃതരുമായി നേരത്തെ കോളനിക്കാര്‍ വിഷയമവതരിപ്പിച്ചെങ്കിലും വാഹനം വരാന്‍ ബുദ്ധിമുട്ടാണെന്ന വാദാമാണു നിലപാടിലാണവര്‍.
ഫയര്‍ഫോഴ്‌സിന്റെ ചെറിയ വാഹനങ്ങല്‍ക്ക് യഥേഷ്ടം വന്നുപോവാമെന്നും ധാരാളം വെള്ളം ഇവര്‍ക്ക് ഉപയോഗിക്കാനാവുമെന്നാണ് സെയ്ത് പറക്കുന്നം പറയുന്നത്.
തെളിനീര്‍ കാഴ്ചയായി നിറഞ്ഞ് പന്നിയൂര്‍ തുറ
ആനക്കര: ഇന്ന് ലോക ജല ദിനം കടുത്ത വേനലിലും തെളിനീര്‍ കാഴ്ചയായി നിറഞ്ഞു തുളുമ്പുന്ന പന്നിയൂര്‍ തുറ. പാലക്കാട് ജില്ലയിലെ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിനുസമീപത്തെ ഐതീഹ്യ പെരുമയുള്ള പന്നിയൂര്‍ തുറ കടുത്ത ചൂടിലും നിറഞ്ഞു നില്‍ക്കുകയാണ്.
പന്നിയൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിവരവധി ഐതീഹ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന തുറ ടൂറിസ്റ്റു പ്രേമികള്‍ക്കേറെ ഹരം പകരുന്നുണ്ട്. സമീപത്തുകൂടി കടന്നുപോകുന്ന നിള വേനലിനു മുമ്പുതന്നെ നീരൊഴുക്കുവറ്റി ദാഹജലത്തിനായി കേഴുമ്പോഴാണ് ഈ തുറ നിറഞ്ഞുനില്‍ക്കുന്നത്. കടുത്ത വേനല്‍ക്കാലത്തു പോലും തുറ വറ്റിയതായി പഴമക്കാരുടെ ഓര്‍മ്മയിലിപ്പഴുമില്ല.
സമീപങ്ങളിലെല്ലാം വേനലടുത്തോടെയെല്ലാം കുളങ്ങളും കിണറുകളും വറ്റിയതോടെ സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം കുളിക്കാനായി എത്തുന്നവരുടെ എണ്ണം ഏറി വരുകയാണ്.
രാത്രികാലങ്ങളില്‍ തുറയില്‍ നിന്ന് മത്സ്യം പിടിക്കാനും ആളുകള്‍ എത്തുന്നുണ്ട്. പന്നിയൂര്‍ ശുകപുരം കൂറുമത്സരത്തെത്തുടര്‍ന്ന് ആധിപത്യം സ്ഥാപിക്കാനായി രാജകല്പന പ്രകാരം പന്നിയൂര്‍ വരാഹമൂര്‍ത്തിയെ നശിപ്പിക്കാന്‍ ശ്രമിക്കവെ വരാഹമൂര്‍ത്തി ശ്രീകോവിലില്‍ നിന്ന് തേറ്റകുത്തി ചാടിയതിനെത്തുടര്‍ന്ന് വന്നുവീണത് തുറനില്‍ക്കുന്ന സ്ഥലത്താണെന്നാണെന്നും, തേറ്റയില്‍ നിന്ന് മണ്ണ് പൊങ്ങിയതിനെത്തുടര്‍ന്നാണ് തുറയുണ്ടായതെന്നുമാണ് ഐതീഹ്യം.
ഇതിലെ ഒരു തേറ്റയില്‍ നിന്ന് മണ്ണ് തെറിച്ചാണ് പടിഞ്ഞാറുകാണുന്ന തുറയാറ്റിന്‍കുന്ന് ഉണ്ടായതെന്നും മറ്റൊരു തേറ്റയില്‍ നിന്ന് മണ്ണ് തെറിച്ചാണ് കിഴക്കു കാണുന്ന മുത്തുവിളയന്‍കുന്ന് ഉണ്ടായതെന്നുമാണ് വിശ്വാസം.
എന്നാല്‍ പണ്ട് നിളാനദി ഗതിമാറി ഒഴുകിയതിനെത്തുടര്‍ന്നാണ് തുറയുണ്ടെയതെന്നൊരു ഹൈതീഹ്യവും പഴമക്കാര്‍ പറയുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ തുറ സന്ദര്‍ശിക്കുക പതിവാണ്.
ജില്ലയിലെ പ്രധാന നീര്‍ത്തടങ്ങളിലൊന്നാണ് ഈ തുറ. ഇവിടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ചെറിയ ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് മേഖലയിലെ വികസനത്തിനു മുതല്‍ക്കൂട്ടാകും.
തുറയെ ആശ്രയിച്ച് നിരവധി പദ്ധതികള്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് മുന്‍മ്പില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ലക്ഷ്യം കണ്ടില്ലന്ന് മാത്രം.
വെള്ളം കാത്തുവെക്കാന്‍ പറഞ്ഞ് 'ജീവജലം'
പാലക്കാട്: ഭാവിയില്‍ ലോകം കാത്തിരിക്കുന്നത് വെള്ളത്തിനായുള്ള യുദ്ധമായിരിക്കും. വരുംതലമുറക്കായി വെള്ളം കാത്തുവെക്കുകയെന്നാണ്ു ജീവജലം എന്ന ഹ്രസ്വചിത്രത്തിലൂടെ അജീഷ് മുണ്ടൂര്‍ എന്ന യുവസംവിധായകന്‍.
ജലാശയങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കുന്നുകളും, തണ്ണീര്‍തടങ്ങളായ പാടങ്ങളും നികത്തുകയും ചെയ്യുന്ന നമ്മളെ കാത്തിരിക്കുന്നത് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകും. പഴയ തലമുറ കാത്തുവച്ച ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്ക് ബാധ്യതയുണ്ടെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതി നിലനിന്നില്ലെങ്കില്‍ ഭാവിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും. ഇനി ഭിക്ഷക്കാരന്‍ പോലും പണത്തിനു പകരം വെള്ളം തരണേ എന്നു യാചിക്കേണ്ട കാലം വരുമെന്നാണ് ഹ്രസ്വചിത്രത്തിലൂടെ അജീഷ് പറഞ്ഞു വെക്കുന്നത്.
സംഭാഷണങ്ങളില്ലാതെ അഭിനയത്തിലൂടെ കുടിവെള്ളം സംരക്ഷിക്കേണ്ട പ്രാധാന്യം പ്രേക്ഷകര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് അജീഷ്. നാലുപുരക്കല്‍ ക്രിയേഷന്‍സാണ് നിര്‍മാണം. അഭിനയവും സംവിധാനവുംഎഴുത്തുകാരന്‍കൂടിയായ അജീഷ് മുണ്ടൂരാണ്.
മലമ്പുഴ കനിഞ്ഞില്ലെങ്കില്‍ ഷൊര്‍ണൂര്‍ നട്ടംതിരിയും
ഷൊര്‍ണൂര്‍: മലമ്പുഴയില്‍ നിന്ന് വെള്ളമെത്തിയില്ലെങ്കില്‍ കുടിവെള്ളത്തിനായി ഷൊര്‍ണൂര്‍ മേഖല ഇത്തവണ നെട്ടോട്ടമോടേണ്ടി വരും. ഭാരതപ്പുഴ ദിനംപ്രതി വരണ്ടുണങ്ങുകയാണ്. മാന്നന്നൂര്‍ പ്രദേശത്ത് ഉരുക്ക് തടയണ ഉള്ളതിനാല്‍ ഇത്തവണ പുഴയില്‍ ഷൊര്‍ണൂര്‍ ഭാഗത്ത് വെള്ളത്തിന്റെ സാന്നിധ്യം നേരത്തെ തന്നെ അപ്രത്യക്ഷമായി.
ഇത് കൂടാതെ ഷൊര്‍ണൂര്‍ റെയില്‍വെ പാലത്തിന്റെ കിഴക്ക് ഭാഗത്തായി വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ മേച്ചേരിക്കടവില്‍ താല്‍കാലിക തടയണ കൂടി നിര്‍മിച്ചതോടെ ഒരിറ്റ് വേള്ളം പോലും ഷൊര്‍ണൂരിലെത്താന്‍ മാര്‍ഗമില്ലാതായി.
പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിരം തടയണയുടെ നിര്‍മാണം നടക്കുന്നതിനാല്‍ നീരുറവയായി ലഭിക്കുന്ന വെള്ളം പോലും പമ്പ് ചെയ്ത് ഒഴുക്കിക്കളയുകയാണ്. ഷൊര്‍ണൂരിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്താണ് ഇപ്പോള്‍ കുറഞ്ഞ തോതില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ അത് കൂടി ഇല്ലാതാകും.
ഇത് വരെ മൂന്ന് ദിവസത്തിലൊരിക്കല്‍ എന്ന തോതിലായിരുന്നു കുടിവെള്ള വിതരണം നടന്നിരുന്നത്. അതും നിലക്കാനാണ് പോകുന്നത്. ഇങ്ങനെ ഒരവസ്ഥ സംജാതമായിട്ടും മലമ്പുഴ ഡാം തുറന്നു വെള്ളമൊഴുക്കാത്തത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മലമ്പുഴ ഡാമിലെ ജലനിരപ്പ് തൃപ്തികരമാണെന്ന് അധികൃതര്‍ പറയുമ്പോഴും പുഴയിലേക്ക് വെള്ളമൊഴുക്കി കുടിവെള്ള വിതരണ പദ്ധതികള്‍ സജീവമാക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പലരും ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്.
ഏത്തം കെട്ടല്‍ വീണ്ടെടുത്ത് ശങ്കുണ്ണി
ഒറ്റപ്പാലം: കരിമ്പുഴ കൂട്ടില കടവ് പൊമ്പ്ര കോരംകുളം ശങ്കുണ്ണിയാണ് നാല്‍പത് വര്‍ഷം മുന്‍പുവരെ കൃഷിയിടങ്ങളില്‍ സജീവമായിരുന്ന ഏത്തം കെട്ടല്‍ പുനരാവിഷ്‌കരിച്ചത്. ഏത്തം കെട്ടി വെള്ളം കൃഷിസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന രീതി കൗതുകമായാണ് പുതിയ തലമുറ കാണുന്നത്.
ശങ്കുണ്ണിയുടെ ഉടമസ്ഥതയിലുള്ള മണ്ണെണ്ണ മോട്ടോറിന് മണ്ണെണ്ണയുടെ ലഭ്യതക്കുറവും, വൈദ്യുതി എത്തിക്കുന്നതിന്നും, പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനുള്ള ചെലവാണ് ഏത്തം കെട്ടാന്‍ കാരണമായത്.
പണചിലവില്ലാത്ത ഈ ജലസേചനം പച്ചക്കറികൃഷികള്‍ നടത്തുന്നതാന്നായാണ് 67കാരനായ ശങ്കുണ്ണി ഉപയോഗിക്കുന്നത്. മുളകള്‍ ഉപയോഗിച്ചാണ് ഏത്ത നിര്‍മ്മാണം. ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന ഏത്തം കെട്ടല്‍ ജലസേചന പദ്ധതിയുടെ ആവശ്യമായ സാധനസാമഗ്രികളായ ഞാലി, അണ്ണ പറ്റ്, എടകണ്ണ തുടങ്ങിയവ കൈവശമുള്ള ശങ്കുണ്ണിയുടെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കിയ കാര്‍പ്പന്ററുടെ സഹായത്തോടെയാണ് ഈ സംവിധാനം നിര്‍മിച്ചിരിക്കുന്നത്. 30 മുതല്‍ 40 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഏത്ത കൊട്ട സ്‌കൂള്‍ എക്‌സിബിഷനുകൊണ്ടു പോയതോടെ പകരം ബക്കറ്റാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."