തടസങ്ങള്‍ നീങ്ങി: വൈദ്യുതി കേബിള്‍ പുനഃസ്ഥാപിക്കും
ചെറുവത്തൂര്‍: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വെങ്ങാട്ട് റെയില്‍വേ ലൈനിനു കുറുകെ വൈദ്യുത കേബിള്‍ പുനഃസ്ഥാപിക്കാന്‍ അനുമതിയായി. വെങ്ങാട്ട് റെയില്‍വേ ലൈനിന്റെ അടിവശത്തുകൂടി വൈദ്യുത കേബിള്‍ സ്ഥാപിച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ വെങ്ങാട്ട് കിഴക്ക്, കണ്ണങ്കൈ, കാട്ടുതല, കാരിയില്‍, മീന്‍കടവ് തുരുത്തി, കുണ്ടുപടന്ന, മയിച്ച തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി വൈദ്യുതി എത്തിച്ചിരുന്നത്.
എന്നാല്‍ ഈ കേബിള്‍ മുറിഞ്ഞതോടെ ഇതിലൂടെയുള്ള വൈദ്യുതി വിതരണം വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ളവര്‍ക്ക് പടന്ന ഫീഡര്‍ മുഖേനയാണ് ഇപ്പോള്‍ വൈദ്യുതി നല്കി വരുന്നത്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു മൂലം പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണ്.
ഇതേ തുടര്‍ന്ന് കേബിള്‍ ബന്ധം പുനഃസ്ഥാപിച്ച് വൈദ്യുതി വിതരണം പഴയ രീതിയില്‍ നടത്താനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പൈപ്പ് ഉപയോഗിച്ച് കേബിള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ടു ചില സാങ്കേതിക തടസങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുമുണ്ടായി. ഇതോടെ ഇതിന്റെ പ്രവൃത്തി നിലക്കുകയായിരുന്നു.
പി. കരുണാകരന് എം.പിയുടെ ഇടപെടലിന്റ ഭാഗമായി കേബിള്‍ കടത്തിവിടാന്‍ ഇപ്പോള്‍ റെയില്‍വേയുടെ അനുമതി ലഭിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച അറിയിപ്പ് കെ.എസ്.ഇ.ബി അധികൃതര്‍ക്കു ലഭിച്ചു.കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് എക്സിക്യുട്ടിവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ഒരാഴ്ചക്കകം തന്നെ കേബിള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.
പടന്ന കെ.എസ്.ഇ.ബി 11 കെ.വി ഫീഡര്‍, നീലേശ്വരം ടൗണ്‍ 11 കെ.വി ഫീഡര്‍ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് കേബിളിലൂടെ വൈദ്യുതി ലഭ്യമാക്കുക. നിലവില്‍ പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ക്ക് പടന്ന ഫീഡര്‍ മുഖേനയാണ് വൈദ്യുതി നല്കി വരുന്നത്. ഈ കേബിള്‍ സ്ഥാപിക്കുന്നതോടെ കെ.എസ്.ഇ.ബി പടന്ന ഫീഡറിന്റെ അധിക ഭാരം ഒഴിവാക്കാനും പടിഞ്ഞാറന്‍ പ്രദേശത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."