ജില്ലാ പഞ്ചായത്ത് ബജറ്റ്; ചിറകുവിരിക്കാനൊരുങ്ങി കാസര്‍കോട്
കാസര്‍കോട്: ജില്ലയുടെ സ്വപ്ന പദ്ധതികളിലൊന്നായ പെരിയ എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പാക്കാനായി 30 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് അവതരിപ്പിച്ച ബജറ്റില്‍ നിരവധി വികസന പദ്ധതികളും മുന്നോട്ടു വെക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ എയര്‍ സ്ട്രിപ്പ് പദ്ധതി നടപ്പാക്കുവാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പെരിയയിലെ 75 ഏക്കര്‍ സ്ഥലത്ത് നിര്‍ദിഷ്ട എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു കമ്പനി രൂപീകരിക്കും. കമ്പനി സ്വകാര്യ നിക്ഷേപകരില്‍ നിന്നടക്കം ഫണ്ട് സ്വരൂപിച്ച് 30 കോടി രൂപ ചെലവിലാണ് എയര്‍ സ്ട്രിപ്പ് പദ്ധതിയൊരുക്കുകയെന്ന് ബജറ്റില്‍ പറയുന്നു. സിയാല്‍ (നെടുമ്പാശേരി) മാതൃകയില്‍ എയര്‍ സ്ട്രിപ്പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉഡാന്‍ പദ്ധതിയിലെ സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ വ്യക്തമാക്കുന്നു. ജില്ലയില്‍നിന്നു ചെറുകിട വിമാനം കുതിച്ചുയരുന്നത് ജില്ലയുടെ വികസനത്തിനു ഗതിവേഗം കൂട്ടുമെന്നും ബജറ്റില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗ്‌ളുരു വിമാനത്താവളങ്ങളിലേക്കുള്ള സര്‍വിസ് നടത്താനുദ്ദേശിക്കുന്ന 75 പേര്‍ക്ക് യാത്രചെയ്യാനുദ്ദേശിക്കുന്ന ചെറുവിമാന സര്‍വിസാണ് ഉദ്ദേശിക്കുന്നതെന്നും ദീര്‍ഘദൂര ബസുകള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന യാത്രക്കാര്‍ ഈ വിമാന സൗകര്യത്തെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായുംബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.
രാജപുരം പുളികൊച്ചിയില്‍ മിനി ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും സ്വകാര്യസംരംഭകരുടെ പിന്തുണയോടെ വൈദ്യുതി വകുപ്പിന്റെ സാങ്കേതിക പിന്തുണയോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞതായി. പ്രതിവര്‍ഷം 65 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 20 കോടി രൂപയാണ്. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
1,07,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും 6,90,34,108 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ഹര്‍ഷാദ് വൊര്‍ക്കാടി, ഡോ.വി.പി.പി മുസ്തഫ, ഷാനവാസ് പാദൂര്‍, ജോസ് പതാലില്‍, പുഷ്പ അമേക്ക്‌ള, അഡ്വ. ശ്രീകാന്ത്, ഫരീദ സക്കീര്‍ അഹമ്മദ്, എന്‍ നാരായണന്‍ സംസാരിച്ചു.
വികസനം പൊതുലക്ഷ്യം: എ.ജി.സി ബഷീര്‍
ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ ബജറ്റിന്റെ പൊതുലക്ഷ്യം വികസനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അഭിപ്രായപ്പെട്ടു. ദാരിദ്യ ലഘൂകരണവും ശരിയായ വികസനവുമാണ് ബജറ്റ് ലക്ഷ്യംവെക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ വരുമാനത്തിന്റെ ഭീമമായ വിഹിതം ഏഴ് കോടി 95 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി നീക്കിവച്ചത് ചില്ലറ പ്രയാസങ്ങളല്ല ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചു ശതമാനം ഈ വിഹിതത്തില്‍ കുറവ് വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
78 ജില്ലാ പഞ്ചായത്തുകള്‍ നവീകരിക്കാന്‍ നടത്തിയ ശ്രമം സാങ്കേതിക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞകാലങ്ങളില്‍ നടത്താനായില്ല. വരും വര്‍ഷങ്ങളില്‍ 15 പുതിയ റോഡുകള്‍ കൂടി നവീകരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകും.
പെരിയ എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാ ശ്രമവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ സ്ട്രിപ്പ് നടപ്പാക്കാനാവില്ലെന്ന് പ്രതിപക്ഷം
സ്വപ്ന പദ്ധതിയായി ബജറ്റില്‍ അവതരിപ്പിച്ച പെരിയ എയര്‍സ്ട്രിപ്പ് സ്വപ്നമായി തന്നെ അവശേഷിക്കുമെന്ന് സി.പി.എമ്മിലെ ഡോ.വി.പി.പി മുസ്തഫ. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ബി.ആര്‍.ഡി.സിയും സിയാലും നടത്തിയ പരിശോധനയില്‍ പെരിയയില്‍ എയര്‍ സ്ട്രിപ്പ് സാധ്യമല്ലെന്നു വ്യക്തമാക്കിയതാണ്.
പ്രായോഗികമല്ലെന്ന പഠന റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഒരു ദശകമായി ചര്‍ച്ച നടത്തിയിട്ടും മുന്നോട്ടുപോവാത്ത പദ്ധതിയെങ്ങിനെയാണ് ജില്ലാ പഞ്ചായത്ത് വിചാരിച്ചാല്‍ നടപ്പാവുകയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം സ്വപ്നം മാത്രം കാണാനാവുന്ന പദ്ധതികള്‍ക്കു പണം നീക്കിവച്ച് പദ്ധതി നടപ്പാവാതിരുന്നാല്‍ അതിന്റെ ദൂഷ്യഫലവും അനുഭവിക്കേണ്ടിവരുമെന്നും മുസ്തഫ കൂട്ടിചേര്‍ത്തു.
തീര്‍ത്തും ഭാവനാശൂന്യമായ ബജറ്റ് നിരാകരിക്കുന്നുവെന്നും ജില്ലയില്‍ ഏറ്റവും കൂടുതലായി വരുന്ന പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാനും പ്രവാസി നിക്ഷേപം ചെറുകിട വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ടായില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്കായി 3.83 കോടി
ശുജലസംരക്ഷണ പ്രവൃത്തികള്‍ക്ക് 3.4 കോടി
കാന്‍സര്‍ വിമുക്ത കാസര്‍കോടിനായി 15 ലക്ഷം
പൊതുജനാരോഗ്യ പദ്ധതിക്കായി 1.69 കോടി
അലോപ്പതി, ഹോമിയോ, ആയുര്‍വേദ ജില്ലാ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും
വൃദ്ധക്ഷേമ പദ്ധതികള്‍ക്ക് 60 ലക്ഷം
പാലിയേറ്റിവ് പരിചരണത്തിനു 76 ലക്ഷം
കൃഷി, ജലസേചന പദ്ധതിക്ക് രണ്ടു കോടി
റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും
15 റോഡുകളില്‍ പുതുതായി മെക്കാഡം ടാറിങ്
ബദിയഡുക്കയില്‍ കോഴികുഞ്ഞ് ഉല്‍പാദനത്തിന് ഹാച്ചറിക്ക് 75 ലക്ഷം
കുട്ടികള്‍ക്കായി ബാലസൗഹൃ പദ്ധതിക്ക് 25 ലക്ഷം
സ്ത്രീകള്‍ക്കായി ആരോഗ്യ സൗഹൃദ ഇടത്തിന് 75 ലക്ഷം
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് 7.55കോടി
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു നാലു കോടി
ലൈഫ് മിഷന്‍ പദ്ധതിക്ക് എട്ടു കോടി
പട്ടികജാതി, പട്ടിക വര്‍ഗക്ഷേമത്തിന് എട്ടു കോടി
കലാ-സാംസ്‌കാരിക മേഖലക്ക് 97 ലക്ഷം
മാലിന്യ നിര്‍മാര്‍ജനത്തിനു പ്രത്യേക പദ്ധതി
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഭിന്നശേഷി സൗഹൃദ സംയോജിത പദ്ധതി
യുവജനങ്ങള്‍ക്കായി മത്സരപരീക്ഷാ കേന്ദ്രങ്ങള്‍
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വ്യവസായ സംരംഭത്തിനു പദ്ധതി
തെരുവുനായ വന്ധ്യംകരണ പദ്ധതി വ്യാപിപ്പിക്കും
പ്ലസ് ടു തുല്ല്യതാപഠനത്തില്‍ കന്നഡ പഠിതാക്കളെ ഉള്‍പ്പെടുത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."