സമ്പൂര്‍ണ വൈദ്യുതീകരണം 'അങ്ങ് കേരളത്തില്‍' ഇവിടെ കൂരിരുട്ട്..!
എന്‍.സി ഷെരീഫ് കിഴിശ്ശേരി
അരീക്കോട്: ഊര്‍ങ്ങാട്ടിരിയിലെ ഓടക്കയം ആദിവാസി കോളനി കേരളത്തിലാണെങ്കിലും അവിടെ 26 കുടുംബങ്ങള്‍ക്കു വൈദ്യുതി ലഭിച്ചിട്ടില്ല. രാജ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷത്തോളം പിന്നിട്ട ശേഷമാണ് ഈ അവസ്ഥ. വെള്ളവും വെളിച്ചവുമില്ലാതെ ആദിവാസി കോളനിയിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്.
കൊടുമ്പുഴ, കല്ലര, പണിയ, നെല്ലിയായി, കുരീരി, മാടം, ഓടേരിവെള്ളം, വാരിക്കല്‍, കൂട്ടപ്പറമ്പ്, മാങ്കുളം കോളനികളിലായി 26 വീടുകളില്‍ ഇനിയും വൈദ്യുതിയെത്തിയിട്ടില്ല. മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുകയല്ലാതെ ഇവര്‍ക്കു മറ്റു മാര്‍ഗമില്ല. നൂറ്റി ഇരുപതോളം കുട്ടികളാണ് ഇവിടെനിന്നു സ്‌കൂളില്‍പോയി പഠനം നടത്തുന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ വേറെയും. പരീക്ഷാക്കാലത്തും വൈദ്യുതിയില്ലാതായതോടെ മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്നു പഠനം നടത്തേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.
കഴിഞ്ഞ മെയ് 29നു കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചത്. 26നു നിലമ്പൂരില്‍ വൈദ്യുതി മന്ത്രി എം.എം മണി ജില്ലാതല പ്രഖ്യാപനവും നടത്തിയിരുന്നു. ഈ ഖ്യാതി നേടാന്‍ 174 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 2006-11 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് 85 നിയമസഭാ മണ്ഡലങ്ങളിലും പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കാനായിട്ടുണ്ടെന്ന അവകാശവാദവുമായാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്.
ലൈന്‍ നിര്‍മിച്ചു വൈദ്യുതിയെത്തിക്കുന്നതു പ്രായോഗികമല്ലാത്ത വനമേഖലകളില്‍ സോളാര്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉപയോഗിച്ചു വൈദ്യുതിയെത്തിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നേരത്തേതന്നെ വീടിന്റെ 10 മീറ്റര്‍ പരിധിയിലായി ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടും കോളനിയിലെ വീടുകളില്‍ വൈദ്യുതിയെത്തിയിട്ടില്ല. എല്ലാ വീടുകളിലും വൈദ്യുതിയെന്ന ലക്ഷ്യത്തിനായി ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറവ് വിസ്തീര്‍ണമുള്ള വീടുകള്‍ക്കു വീട്ടുനമ്പറും കൈവശ സര്‍ട്ടിഫിക്കറ്റും ഇല്ലാതിരുന്നിട്ടും കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ളത്.
വയറിങ്ങിനു ശേഷിയില്ലാത്ത കുടുംബങ്ങളെ വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത് വയറിങ് ജോലികള്‍ നടത്തിയതായും വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, കോളനികളിലെ കുടിലുകളില്‍ വയറിങ് പോലും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."