സാക്ഷര കേരളമേ തലതാഴ്ത്തൂ...നാടക പ്രവര്‍ത്തകനായ ദലിതന്റെ വീട്ടില്‍ ഭക്ഷണത്തിന് അയിത്തം
നീലേശ്വരം (കാസര്‍കോട്) : സാക്ഷര കേരളത്തില്‍ ദളിതന്റെ വീട്ടില്‍ ഭക്ഷണത്തിന് അയിത്തം. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് ദലിതന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതിരുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പരപ്പയിലെ പ്രമുഖ നാടക കലാകാരനും പട്ടികവര്‍ഗ വിഭാഗക്കാരനുമായ കൊടക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ കുടുംബത്തിന് വേണ്ടി വീട് നിര്‍മ്മാണ ജോലിക്കെത്തിയ ഒരു വിഭാഗം തദ്ദേശീയരായ നിര്‍മ്മാണ ജോലിക്കാരാണ് രാമകൃഷ്ണന്റെ വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാതെ അയിത്തം കല്‍പ്പിച്ചത്. ഭക്ഷണത്തിന് അയിത്തം കല്‍പ്പിക്കുന്നവര്‍ വീടു നിര്‍മ്മാണ ജോലി ചെയ്യേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ വീട് നിര്‍മ്മാണ ജോലി നിര്‍ത്തി പോയി. വടകര വരദയെന്ന പ്രൊഫഷണല്‍ നാടക സംഘത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ തുമ്പ കോളനിയില്‍ പുതുതായി രാമകൃഷ്ണന്റെ കുടുംബത്തിനും മാതാപിതാക്കളായ കല്ലളന്‍, മുത്തച്ചി എന്നിവര്‍ക്കും താമസിക്കുന്നതിനായി പുതിയ വീട് നിര്‍മ്മിച്ച് വരികയാണ്. വീടിന്റെ കോണ്‍ക്രീറ്റ് പണിക്ക് ഒരാഴ്ച്ച മുന്‍പ് എത്തിയവരില്‍ ചിലരാണ് രാമകൃഷ്ണന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാനാവില്ലെന്ന് പറഞ്ഞത്. നാടക അഭിനയവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ എറണാകുളത്തായതിനാല്‍ സഹോദരങ്ങളാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. വീട് പണിക്ക് വന്നവര്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കില്ലായെന്ന വിവരം ഭാര്യ രാമകൃഷ്ണനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് നിര്‍മ്മാണ ജോലിയേറ്റെടുത്ത കരാറുകാരനുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന് അയിത്തം പാലിക്കുന്നവരെ ഒഴിവാക്കിയാണ് പിന്നീട് കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തീകരിച്ചത്. വടകര വരദയുടെ ഉത്രം തിരുനാളിന്റെ കല്‍പ്പനപോലെ എന്ന നാടകാഭിനയുമായി ബന്ധപ്പെട്ട് രാമകൃഷ്ണനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്.
രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
* എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് എന്ന സ്വപ്നം. എനിക്കും ഒരു വീടായി, ആ വീടിന്റെ മെയിന്‍ വാര്‍പ്പ് ഇന്ന് നടക്കുന്നു. നാടകവുമായി ബദ്ധപ്പെട്ട് ഞാന്‍ എറണാകുളത്താണ് എന്നിരുന്നാലും കൂടപ്പിറപ്പുകള്‍ കൂടി ഭംഗിയായി നിര്‍വ്വഹിച്ചു. പക്ഷെ ഒരു സങ്കടം.., വാര്‍പ്പിന് വരുന്ന ഏഴ് പെണ്ണുങ്ങള്‍ എന്റ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ല എന്ന് മേസ്ത്രി പറഞ്ഞു. ഭാര്യ ഫോണില്‍ വിളിച്ച് പറഞ്ഞു അവര്‍ക്ക് പുറത്തു നിന്നും ഭക്ഷണമുണ്ടാക്കണം.... !? ഞാന്‍ പറഞ്ഞു അവരെ ഒഴിവാക്കി വേറെ ആള്‍ക്കാരെ വിളിക്കാന്‍: പറഞ്ഞു വരുന്നത് അയിത്തവും താഴ്ന്ന ജാതിത്വവും കേരളത്തില്‍, ഈ ഹൈടെക് യുഗത്തിലും നമ്മെ പിന്തുടരുന്നുണ്ട്. ഞാന്‍ ആരേയും അറിയിക്കാതെ വേറെ ആള്‍ക്കാരെ വിളിച്ച് പണി എടുപ്പിച്ചു. പ്രിയരെ അയിത്തമില്ലെന്ന് പറയരുതേ.... നമ്മുടെ കേരളത്തില്‍ അയിത്തമില്ല......?!!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."