ആര്‍.എസ്.എസ് കാര്യവാഹക് കേന്ദ്ര സുരക്ഷയില്‍; സി.പി.എം നേതാക്കള്‍ക്ക് പൊലിസ് കാവല്‍
കണ്ണൂര്‍: ആര്‍.എസ്.എസ് കാര്യവാഹകിന് കേന്ദ്ര സേനയുടെ സുരക്ഷ, സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്ക് കനത്ത പൊലിസ് കാവല്‍. തീര്‍ന്നില്ല, അര ഡസനോളം നേതാക്കള്‍ കണ്ണൂരില്‍ സഞ്ചരിക്കുന്നത് സുരക്ഷാഭടന്‍മാരുടെ കാവലില്‍. ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കു മാത്രമല്ല അണികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കുമുണ്ട് പൊലിസ് സുരക്ഷ. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ജില്ലയിലെ പത്തോളം സ്‌റ്റേഷന്‍ പരിധിയിലെ നിരവധി നേതാക്കളാണ് പൊലിസിന്റെ സുരക്ഷാപട്ടികയിലുള്ളത്. ഇത്തരം നേതാക്കളുടെ വീടുകളുള്ള സ്ഥലങ്ങളില്‍ രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ പൊലിസ് വാഹനങ്ങള്‍ റോന്ത് ചുറ്റികൊണ്ടിരിക്കും. ക്രമസമാധാനനത്തിന് കേരളം ഒന്നാമതെന്ന് സര്‍ക്കാര്‍ വീമ്പു പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പൊലിസ് സുരക്ഷയില്‍ നേതാക്കള്‍ ഉറങ്ങുന്നത്. ഇതിനായി ചോരുന്നതാകട്ടെ പൊതുഖജനാവിലെ പണവും. മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ബി.ജെ.പിയില്‍നിന്നു പാര്‍ട്ടി മാറി എത്തിയ ഒ.കെ വാസു, എ. അശോകന്‍ എന്നിവരാണ് പൊലിസ് സുരക്ഷയുള്ള കണ്ണൂരിലെ സി.പി.എം നേതാക്കള്‍.
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും എ.പി അബ്ദുള്ളക്കുട്ടിക്കുമുണ്ട് ഗണ്‍മാന്‍മാര്‍. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പ്രത്യേക സുരക്ഷയുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പി. ജയരാജന്റെയും ഒ.കെ വാസുവിന്റെയും എ. അശോകന്റെയും പൊലിസ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.
കണ്ണൂരിലെ പ്രമാദമായ ഒരു കൊലക്കേസിലെ മുഖ്യസാക്ഷി കേന്ദ്ര സേനയുടെ സുരക്ഷയിലാണ് നടക്കുന്നത്. സി.ബി.ഐ അന്വേഷണം നടക്കുന്ന ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസാക്ഷിയും പരാതിക്കാരനുമായ ആര്‍.എസ്.എസ് കാര്യവാഹക് വി. ശശിധരനാണ് കേന്ദ്ര സേനയുടെ സുരക്ഷയുള്ളത്. സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയായ ശശിധരന് വധഭീഷണിയുണ്ടെന്ന് നേരത്തെ രഹസ്യാന്വേണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് കേരളാ പൊലിസിനെ സുരക്ഷയ്ക്ക് നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സുരക്ഷയുണ്ടായിരിക്കെ കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി സുരക്ഷാ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശശിധരന് നേരിട്ട് സുരക്ഷാഭടന്‍മാരെ നിയോഗിച്ചത്.
തനിക്ക് സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാറുണ്ടെങ്കിലും കണ്ണൂരില്‍ എത്തിയാല്‍ പൊലിസ് സേനയുടെതുള്‍പ്പെടെ 24 വാഹനങ്ങളാണ് അകമ്പടിയുണ്ടാകുക. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലം പൂര്‍ണമായും പൊലിസ് വലയത്തിലാക്കുകയുമാണ് പതിവ്.
സി.പി.എം അധികാരത്തില്‍ വന്നതോടെ രാഷ്ട്രീയ പ്രതിയോഗികളുടെ ലിസ്റ്റിലുള്ള നേതാക്കളേയും സുരക്ഷിത വലയത്തിലാക്കിയിട്ടുണ്ട്. ഇവരുടെ വീടുകള്‍ സ്ഥിതി ചെയുന്ന സ്ഥലങ്ങളില്‍ പൊലിസിന് സുരക്ഷാ ചുമതല നല്‍കിയിരിക്കുകയാണ്. പൊലിസ് എത്തി നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്തിയെന്നുറപ്പിക്കാന്‍ ഇവിടങ്ങളില്‍ വച്ചിട്ടുള്ള പൊലിസിന്റെ പട്ട ബുക്കില്‍ കൃത്യമായി ഒപ്പിട്ടു മടങ്ങാറുണ്ട് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍. ചില പ്രാദേശിക ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കൂടി സുരക്ഷവേണമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് ഇതിന് പച്ചക്കൊടി കാട്ടിയില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ സുരക്ഷ പൊലിസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."