തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി ജില്ലയിലേക്ക് പുതിയ അന്തര്‍ സംസ്ഥാന പാത വരുന്നു
കട്ടപ്പന: തമിഴ്‌നാട്ടില്‍നിന്നും ഇടുക്കി ജില്ലയിലേക്കു പുതിയ അന്തര്‍ സംസ്ഥാനപാതയായ തേവാരംമെട്ട് -തേവാരം റോഡ് വരുന്നു. ഇതോടെ തേനി - നെടുങ്കണ്ടം ദൂരം 30 കിലോമീറ്ററായി ചുരുങ്ങും. നിലവില്‍ നെടുങ്കണ്ടത്തുനിന്നു തേനിയിലെത്തണമെങ്കില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യണം.
മേഖലയിലെ പഞ്ചായത്തുകളുടെയും മന്ത്രി എം.എം.മണിയുടെയും ജോയ്‌സ് ജോര്‍ജ് എംപിയുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണു പുതിയ പാത തുറക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട് വനംവകുപ്പിന്റെ ചന്ദന റിസര്‍വ് എന്ന പേരിലാണ് വനപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു ചെക് പോസ്റ്റ് സ്ഥാപിച്ചത്. എന്നാല്‍ വനത്തില്‍ ഒരു ചന്ദനമരം പോലുമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട്ടില്‍നിന്ന് അരിയും പലചരക്കു സാധനങ്ങളും ആനക്കല്ല് -തേവാരം റോഡിലൂടെയാണ് നെടുങ്കണ്ടത്തേക്കും പരിസരപ്രദേശത്തേക്കും എത്തിച്ചിരുന്നത്. ഹൈറേഞ്ചിലെ ഏലം, കുരുമുളക് എന്നിവ തമിഴ്‌നാട്ടിലെത്തിച്ചു കച്ചവടം നടത്തുന്നതിനും വ്യാപാരികള്‍ പ്രധാന പാതയായി ഉപയോഗിച്ചിരുന്ന റോഡാണ് തമിഴ്‌നാട് വനംവകുപ്പ് അടച്ചത്.
തമിഴ്‌നാട്ടില്‍നിന്നുള്ള റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ തീരുമാനിച്ചതോടെ തേവാരംമെട്ട്, ആനക്കല്ല്, രാമക്കല്‍മേട് മേഖലകളിലെ ടൂറിസത്തിനും പുത്തനുണര്‍വുണ്ടാകുമെന്നാണു പ്രതീക്ഷ. റോഡ് തുറക്കുന്നതിനു പ്രത്യേക നിവേദനം നല്‍കാന്‍ കഴിഞ്ഞ ഉടുമ്പന്‍ചോല താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.
നിലവില്‍ താന്നിമൂട് മുതല്‍ തേവാരംമെട്ട് വരെയുള്ള കേരളത്തിന്റെ റോഡ് വീതികൂട്ടി പുനര്‍നിര്‍മിച്ചു വരികയാണ്. റോഡുനിര്‍മാണത്തിനായി തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് ആറര കോടി രൂപയാണ് അനുവദിച്ചത്. തമിഴ്‌നാട് വനംവകുപ്പിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും നേതൃത്വത്തിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ തേവാരത്തുനിന്നു കാടു വെട്ടിത്തെളിക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞയാഴ്ച തമിഴ്‌നാട് മന്ത്രിമാരും കേരളത്തിലെ നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു റോഡിനു ഫണ്ട് അനുവദിച്ചത്.
തേവാരത്തു നടന്ന യോഗത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, വനംമന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍, മുന്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
തേനി, മധുര എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് ഇനി വേഗത്തിലെത്താനാകും. വനമേഖലയിലൂടെയുള്ള ഗതാഗതത്തിനു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റോഡ് തുറക്കുന്നതിനാണു തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കള്‍ തമിഴ്‌നാട് മന്ത്രിമാരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്. കേരള അതിര്‍ത്തിയായ തേവാരംമെട്ടില്‍നിന്ന് അഞ്ചു കിലോമീറ്ററോളം ദൂരമാണു തേവാരത്തിനുള്ളത്. ഇതു ഗതാഗതയോഗ്യമാകുന്നതോടെ ഹൈറേഞ്ചിനു വലിയ നേട്ടമുണ്ടാകും. ഇതോടൊപ്പം തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കു തമിഴ്‌നാട്ടിലേക്കു പോകുന്ന യാത്രക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് എളുപ്പമാര്‍ഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."