മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ രംഗം താറുമാറാക്കിയെന്ന് സി.ഐ.ടി.യു റിപ്പോര്‍ട്ട്
കോഴിക്കോട്: മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ തൊഴില്‍ രംഗം താറുമാറാക്കിയെന്ന് സി.ഐ.ടി.യു ജനറല്‍ കൗണ്‍സില്‍. തൊഴിലെടുക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളില്‍ കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. കാര്‍ഷിക, വ്യവസായ മേഖലകളില്‍ തൊഴിലാളികളുടെ അവസ്ഥ ഗുരുതരമാണെന്ന് കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. ഇന്നലെ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒരോ ദിവസവും രാജ്യത്തെ തൊഴിലാളികളുടെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ നവ ലിബറല്‍ നയമാണ് ഇതിനു കാരണം. 1946 ലെ സ്റ്റാന്റിങ് ഓര്‍ഡര്‍ നിയമത്തില്‍ മോദി സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തി വ്യവസായ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ വിഭാഗം തൊഴിലാളികളെയും ബാധിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെന്നും ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വില കല്‍പിക്കാതെ ഏതുസമയത്തും പിരിച്ചുവിടാനാകുന്ന സ്ഥിതിയാണ് തൊഴിലിടങ്ങളില്‍ ഒരുക്കുന്നത്. മുതലാളിമാര്‍ക്ക് മേല്‍ക്കൈയുണ്ടാക്കുന്ന നയങ്ങള്‍ രാജ്യത്തിന്റെ ഉല്‍പാദന രംഗത്തെ ബാധിക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഭൂരിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് തൊഴിലെടുക്കുന്നവര്‍ പോരാടേണ്ട അവസ്ഥയിലേക്കാണ് വരുന്നതെന്നും കര്‍ഷകരും സമാന പ്രശ്‌നം അനുഭവിക്കുന്നവരാണെന്നും ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന നിയമം ഭേദഗതികളോടൊയാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയതെന്നും ജനറല്‍സെക്രട്ടറി തപന്‍ സെന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ അനാവശ്യ സമരങ്ങളെയും മോദി സര്‍ക്കാര്‍ അടിമച്ചമര്‍ത്തുന്ന സമരങ്ങളെയും ഒരുപോലെ കാണരുതെന്നു സി.ഐ.ടി.യു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം പറഞ്ഞു. കേരളത്തില്‍ വികസനം കൊണ്ടുവരുന്ന കീഴാറ്റൂര്‍ ബൈപാസ്, മുക്കം ഗെയില്‍ വിരുദ്ധ സമരങ്ങളെ കര്‍ഷക സമരങ്ങളോടു കൂട്ടിക്കെട്ടുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, എസ്.സി, എസ്.ടി പീഡന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സഹായകരമാകുന്ന സുപ്രിം കോടതി വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കണമെന്നും ദേശീയ കൗണ്‍സിലെ പ്രമേയം ആവശ്യപ്പെട്ടു.
ദേശീയ ജനറല്‍ കൗണ്‍സിലില്‍ ജനറല്‍സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിവിധ പോഷക സംഘടനകളെ പ്രതിനിധീകരിച്ച് പ്രദീപ് ബിശ്വാസ്, കൃഷ്ണന്‍, ജി. കുമാര്‍,രമേശ്, കെ.എന്‍ ഗോപിനാഥ്, രാജീവന്‍, തത്കാര, സോമനാഥ് ഭട്ടാചാര്യ, ശാന്തന്‍ ചൗധരി, ഗൗതം, പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച ഇന്നും തുടരും. സമ്മേളനം നാളെ വൈകിട്ട് ബീച്ചില്‍ നടക്കുന്ന റാലിയോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."