ഹോക്കിങ്, ദ കിങ്
പ്രതീക്ഷയുടെ പുതിയ പ്രപഞ്ചം തുറന്നിട്ടാണ് ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ലോകത്തോടു വിടപറഞ്ഞത്്. മറ്റൊരു പ്രപഞ്ചത്തിന്റെ കണ്ടെത്തലിലേക്കു നയിക്കാവുന്ന ഒരു പ്രബന്ധം മരണത്തിന്റെ രണ്ടാഴ്ച മുന്‍പ് അദ്ദേഹം സമര്‍പ്പിച്ചിരുന്നു. നിലവില്‍ പരിശോധന നടന്നുകൊണ്ടിരിക്കുന്ന ഈ പ്രബന്ധം ബെല്‍ജിയത്തിലെ ലോവന്‍ യൂനിവേഴ്‌സിറ്റിയിലെ തോമസ് ഹെര്‍ട്ടോഗുമായി ചേര്‍ന്നായിരുന്നു തയാറാക്കിയത്. 'എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എറ്റേണല്‍ ഇന്‍ഫ്‌ളേഷന്‍' എന്ന പേരിലുള്ള ഗവേഷണത്തില്‍ സമാന്തര പ്രപഞ്ചത്തിന്റെ സാധ്യതകളുടെ വിചിന്തനങ്ങളാണുള്ളത്.
വെല്ലുവിളികളും പുതിയ ലോകങ്ങളും കണ്ടെത്താനായി സമര്‍പ്പിച്ചതായിരുന്നു ഹോക്കിങ്ങിന്റെ ജീവിതം. 1942 ജനുവരി എട്ടിന് ഓക്‌സ്ഫഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമാണ് മാതാപിതാക്കള്‍. ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ ഹോക്കിങ്ങിനു താല്‍പര്യം ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നായിരുന്നു ബിരുദ പഠനം. തുടര്‍ന്ന് ഉപരിപഠനത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടിയിലാണ് ഹോക്കിങ്ങിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച രോഗം ബാധിച്ചത്.
1962ല്‍ പെട്ടെന്നു കുഴഞ്ഞു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹോക്കിങ്ങിന് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരകരോഗം ബാധിച്ചതായി കണ്ടെത്തി. ഏറിയാല്‍ രണ്ടു വര്‍ഷം മാത്രമാണ് ആയുസെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. എന്നാല്‍ ഈ വിധിയെഴുത്ത് ഹോക്കിങ്ങിനെ കൂടുതല്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് അദ്ദേഹം പടവെട്ടി ജീവിച്ചു. ശാസ്ത്രലോകത്തെ പോലും അത്ഭുതപ്പെടുത്തി ഹോക്കിങ് 55 വര്‍ഷത്തോളം ജീവിച്ചു. അതിനിടെ പരിചയപ്പെട്ട പ്രണയിനി ജെയിന്‍ വൈല്‍ഡിനോട് രോഗവിവരം പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഹോക്കിങ്ങിനെ വിവാഹം കഴിക്കുമെന്ന വാശിയിലായിരുന്നു. രോഗം മൂര്‍ഛിച്ച് ശരീരത്തിന്റെ ഓരോ ഭാഗങ്ങളും നിശ്ചലതയിലേക്കു നീങ്ങിയപ്പോഴും ഏറ്റവും ചലനാത്മകമായ മനസിനുടമായായി നിലകൊണ്ടു അദ്ദേഹം. എഴുന്നേല്‍ക്കാന്‍ സാധ്യമാവാത്ത ഹോക്കിങ് വീല്‍ചെയറില്‍ സഞ്ചരിച്ചു പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌കമുപയോഗിച്ചു ലോകത്തിനു പുതിയ വഴികള്‍ കാണിച്ചുകൊടുത്തു.
സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയാണ് ഹോക്കിങ് സംസാരിച്ചിരുന്നത്. തളരാത്ത മനസുമായി കേംബ്രിജിലെ ഗവേഷണ കാലത്തും മഹാവിസ്‌ഫോടന സിദ്ധാന്തങ്ങളെയും തമോഗര്‍ത്തങ്ങളെയും സംബന്ധിച്ച് അദ്ദേഹം ഗവഷണം നടത്തി പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവിട്ടു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ് പരിണാമത്തിലെ അവസ്ഥയെ കുറിച്ച് അവതരിപ്പിച്ച ഗവേഷണങ്ങളായിരുന്നു പ്രചോദനം. തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പ്രചരിച്ചു. 1966ല്‍ ഡോക്ടറേറ്റ് നേടിയ ഹോക്കിങ് റോജന്‍ പെന്റോസുമായി ചേര്‍ന്ന് 'സിംഗുലാരിറ്റീസ് ആന്‍ഡ് ദ ജിയോമെട്രി ഓഫ് സ്‌പേസ് ടൈം' എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.
1974ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി. 1979 മുതല്‍ 30 വര്‍ഷം കേംബ്രിജില്‍ ഐസക് ന്യൂട്ടന്‍ വഹിച്ചിരുന്ന അപ്ലൈഡ് മാത്തമാറ്റിക്‌സ് ഫിസിക്‌സ് വിഭാഗത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. 2004 ജൂലൈയില്‍ ഡബ്ലിനില്‍ ചേര്‍ന്ന രാജ്യാന്തര ഗുരുത്വാകര്‍ഷണ-പ്രപഞ്ച ശാസ്ത്ര സമ്മേളനത്തില്‍ തമോഗര്‍ത്തങ്ങളെ സംബന്ധിച്ച് അന്നുവരെയുള്ള പല ധാരണകളെയും തിരുത്തിക്കുറിച്ചു കൊണ്ടുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
യാദൃശ്ചിക ശാസ്ത്രീയ ബന്ധം
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനുശേഷം ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ മസ്തിഷ്‌കത്തിന് ഉടമയെന്ന പേരിന് അര്‍ഹനായിരുന്നു ഹോക്കിങ് (രണ്ടു പേരുടെയും ഐക്യു നിലവാരം 160 ആണെന്നു പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു). ഹോക്കിങ്ങിന്റെ ജീവിതവും മരണവും യാദൃശ്ചികമായി ലോകപ്രശസ്തരായ രണ്ടു ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു കിടക്കുന്നു. 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആധുനിക ശാസ്ത്രത്തിന്റെ പിതാവായ ഗലീലിയോ ജനിച്ച അതേ ദിവസമായിരുന്നു ഹോക്കിങ്ങിന്റെയും ജനനം. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കു വഴിതുറന്നയാളായിരുന്നു ഗലീലിയോ. ഐന്‍സ്റ്റീന്റെ ജന്മദിനമായ മാര്‍ച്ച് 15നായിരുന്നു ഹോക്കിങ്ങിന്റെ അന്ത്യവുമെന്നതും മറ്റൊരു യാദൃശ്ചികതയായി.
ചരിത്രമായ 'സമയത്തിന്റെ ചരിത്രം'
ലോകത്ത് പ്രമുഖരായ നിരവധി ശാസ്ത്രജ്ഞര്‍ കഴിഞ്ഞുപോയെങ്കിലും ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരനാവാന്‍ ഹോക്കിങ്ങിനു മാത്രമാണു കഴിഞ്ഞത്. ഐസക് ന്യൂട്ടന്റെയോ ഐന്‍സ്റ്റീന്റെയോ ചാള്‍സ് ഡാര്‍വിന്റെയോ കൃതികളൊന്നും ഈ ഗണത്തില്‍ കാണാനാവില്ല. ഇവരുടെയൊക്കെ രചനകള്‍ ആ മേഖലയില്‍ അവഗാഹമുള്ളവര്‍ക്കു മാത്രമാണു ഗ്രാഹ്യമാവുക. എന്നാല്‍ 1988ല്‍ പുറത്തിറങ്ങിയ ഹോക്കിങ്ങിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പുസ്തക വിപണിയില്‍ വന്‍ ചരിത്രമാണു സൃഷ്ടിച്ചത്. മഹാവിസ്‌ഫോടനങ്ങള്‍, തമോഗര്‍ത്തങ്ങള്‍, സമയത്തിന്റെ സ്വഭാവം എന്നിവ കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണു വിറ്റഴിക്കപ്പെട്ടത്.
ഫലസ്തീന്റെ കൂട്ടുകാരന്‍
ദന്തഗോപുരങ്ങളില്‍ ഗവേഷണങ്ങളുമായി ഒതുങ്ങിയിരുന്ന ജീവിതശൈലിയായിരുന്നില്ല ഹോക്കിങ്ങിന്റേത്. ലോകത്തില്‍ നടക്കുന്ന രാഷ്ട്രീയ ചലനങ്ങളെ കുറിച്ചും കൃത്യമായ നിലപാടുകള്‍ ഹോക്കിങ് സ്വീകരിച്ചിരുന്നു. വിയറ്റ്‌നാം യുദ്ധം മുതല്‍ ബ്രെക്‌സിറ്റ് വരെയുള്ള സംഭവങ്ങളില്‍ ദീര്‍ഘദര്‍ശനത്തോടെയുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്‌റാഈല്‍ അധിനിവേശങ്ങള്‍ക്കെതിരേ ഫലസ്തീനു പിന്തുണയുമായി ഹോക്കിങ് രംഗത്തെത്തി. അന്തരിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഷിമന്‍ പെരസിന്റെ 90-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ജറൂസലമില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും അദ്ദേഹം പിന്നീട് പരിപാടി ബഹിഷ്‌ക്കരിച്ചു. യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഫലസ്തീനിലെ അക്കാദമിക സമൂഹം കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് നേരത്തെ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പരിപാടി ഹോക്കിങ് ബഹിഷ്‌കരിച്ചത്. ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരേ അനീതിയാണു ചെയ്യുന്നതെന്നു നിരവധി തവണ ഹോക്കിങ് വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ഇസ്‌റാഈല്‍ വിരുദ്ധ കാംപയിനായ ബോയ്‌ക്കോട്ട്, ഡിവസ്റ്റ്‌മെന്റ്, സാങ്ഷന്‍ (ബി.ഡി.എസ്) മൂവ്‌മെന്റിന്റെ ഭാഗവുമായി ഹോക്കിങ് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ ഇസ്‌റാഈലിന്റെ അക്കാദമിക സംരംഭങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നില്ല. അന്താരാഷ്ട്ര തലങ്ങളില്‍ ഇസ്‌റാഈല്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ സമ്മര്‍ദങ്ങളുണ്ടായെങ്കിലും ഹോക്കിങ് വഴങ്ങിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."