പോളി കലോത്സവത്തിന് കൊടിയിറങ്ങി; തൃശൂര്‍ മഹാരാജാസ് ജേതാക്കള്‍
കാഞ്ഞങ്ങാട്: അഞ്ചു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജില്‍ നടന്ന സംസ്ഥാന പോളി കലോത്സവത്തിന് കൊടിയിറങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോളിടെക്നിക്കുകളില്‍ നിന്നായി 6500 വിദ്യാര്‍ഥികള്‍ 61 ഇനങ്ങളിലാണ് മത്സരിച്ചത്. 302 പോയിന്റുകള്‍ നേടി തൃശൂര്‍ മഹാരാജാസ് ടെക്നോളജി ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ജേതാക്കളായി. ആതിഥേയരായ കാഞ്ഞങ്ങാട് നിത്യാനന്ദ പൊളിടെക്നിക്കാണ് റണ്ണേഴ്സ് അപ്പ്. തൊട്ടടുത്തു കണ്ണൂര്‍ ഗവണ്മെന്റ് പോളിയാണ്.
വ്യക്തിഗത പോയിന്റില്‍ ഏറ്റവും കൂടുതല്‍ നേടിയത് തിരുവനന്തപുരം പോളിടെക്നിക് വിദ്യാര്‍ഥിനി ജെ.എസ് സാന്ദ്രയാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചാക്യാര്‍കൂത്തിനും സിംഗിള്‍, ഡബിള്‍ കഥകളിക്കും മത്സരാര്‍ഥികള്‍ ഉണ്ടാവാതിരുന്നതാണ് നേരത്തെ നിശ്ചയിച്ച 65 ഇനങ്ങളില്‍ കുറവ് വന്നത്.
സമാപന സമ്മേളനം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന് അധ്യക്ഷനായിരുന്നു. നിത്യാനന്ദ പോളി പ്രിന്‍സിപ്പല്‍ എസ്.എന്‍ സുബാഷ്, സംഘാടക സമിതി അംഗങ്ങളായ കെ.പി സമ്പത്ത്, അര്ജുന്, പ്രദീപന്, വിവേക്, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."