മദ്യക്കടത്തു കേസില്‍ മലയാളികളുടെ എണ്ണം പെരുകുന്നു; ദമാമില്‍ മാത്രം 40 പേര്‍ ജയിലില്‍
ദമാം: മദ്യക്കടത്ത് കേസില്‍ മലയാളികളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. ഉയര്‍ന്ന പണവും വേഗത്തില്‍ പണമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള ധാരണയുമാണ് ഈ മേഖലയിലേക്ക് മലയാളികള്‍ എത്തിപ്പെടാന്‍ കാരണമെന്ന് കരുതുന്നു.
സഊദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ മാത്രം മദ്യക്കടത്ത് കേസില്‍ പിടിയിലായ മലയാളികളുടെ എണ്ണം നാല്‍പ്പതിലധികം ഉണ്ടെന്നാണ് കണക്കുകള്‍. സഊദിയിലെ പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതും എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്തയുണ്ടാകുന്നതും മദ്യ കടത്തിന് മലയാളികള്‍ തലവെച്ച് കൊടുക്കപ്പെടുന്നതായും വിലയിരുത്തപ്പെടുന്നു. എന്നാല്‍ നല്ലൊരു ശതമാനവും വഞ്ചനയിലൂടെയാണ് ഇവിടേക്ക് എത്തിപ്പെടുന്നത്.
ഉയര്‍ന്ന വാഗ്ദാനവും നല്‍കി ടാക്‌സി ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്താണ് മലയാളികളെ ഇതിലേക്ക് അടുപ്പിക്കുന്നത്. യുവാക്കളാണ് ഇതില്‍ ഏറെയും ഇരകള്‍. പിടിക്കപ്പെടുന്നവരില്‍ ചിലര്‍ കേസിന്റെ ഗൗരവം അറിയാതെ ഏര്‍പ്പെടുന്നവരും ചിലര്‍ അറിയാതെ കുടുങ്ങുന്നവരുമാണ്.
ജോലി നഷ്ടപ്പെട്ടു കഴിയുന്ന ഡ്രൈവര്‍ വിസയുള്ള യുവാക്കളെ കണ്ടെത്തി മാസതവണ വ്യവസ്ഥയില്‍ മോഹന വാഗ്ദാനം നല്‍കി വാഹനം എടുത്തു നല്‍കുകയും അതിലൂടെ മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന വന്‍ ലോബി തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കെണിയിലായ നിഷാദ് എന്ന ചെറുപ്പക്കാരനാണ് ജയിലിലുള്ള മലയാളികളെ കുറിച്ച് സൂചന നല്‍കിയത്. ഇതേ കേസില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ കഥയും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊല്ലം കാട്ടാക്കട സ്വദേശി അബ്ദുല്‍ വാഹിദ് പതിനേഴു മാസമായി കിഴക്കന്‍ സഊദിയിലെ ദമാമില്‍ ജയിലില്‍ കഴിയുന്നു. ബഹ്‌റൈനില്‍ നിന്നും സഊദി കിഴക്കന്‍ പ്രവിശ്യയിലേക്ക് ടാക്‌സി നടത്തുന്നതിനിടെ സ്‌പോണ്‍സര്‍ നല്‍കിയ വാഹനത്തില്‍ നിന്നും പൊലിസ് ചെക്കിങ്ങില്‍ മദ്യം കണ്ടെത്തിയതാണ് യുവാവിനെ ജയിലിലെത്തിച്ചത്.
റിയാദില്‍ ജോലി എടുക്കുന്നതിനിടെ പരിചയപ്പെട്ട മലയാളികള്‍ വഴിയാണ് ഉയര്‍ന്ന ശമ്പളത്തില്‍ പുതിയ വിസയില്‍ ദമ്മാമിലേക്ക് ഇയാള്‍ വന്നത്. ബഹ്‌റൈനില്‍ എത്തിക്കഴിഞ്ഞാല്‍ യാത്രക്കാരെ എടുക്കാനാണെന്നു പറഞ്ഞു വാഹനം ഏജന്റുമാര്‍ കൈക്കലാക്കുകയാണ് പതിവ്. തിരിച്ചെത്തിയാല്‍ വാഹനം സര്‍വീസിനായും ഏറ്റെടുക്കും. ഇതിനിടയില്‍ നേരത്തെ തയ്യാറാക്കിയ പ്രത്യേക സ്ഥലങ്ങളിലും, ഇന്ധന ടാങ്കുകളിലോ മറ്റോ സൂക്ഷിച്ച മദ്യക്കുപ്പികള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നതെന്നും യുവാവ് പറഞ്ഞിരുന്നു.
സ്വന്തം പേരിലുള്ള വാഹനത്തില്‍ നിന്ന് പിടിക്കപ്പെടുന്നതിനാല്‍ ഇവരുടെ നിരാപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരുന്നു. മാത്രമല്ല പിടിക്കപ്പെടുന്നതോടെ വാഹന കമ്പനിയും ഇവര്‍ക്കെതിരില്‍ കേസ് നല്‍കുന്നതിനാല്‍ ജയില്‍ വാസം നീണ്ടു പോകുകയും ഭീമമായ നഷ്ടപരിഹാര തുക കെട്ടിവയ്‌ക്കേണ്ടിയും വരുന്നു.
ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരില്‍ പലരും മദ്യക്കടത്തിനുള്ള ജയില്‍ശിക്ഷ കഴിഞ്ഞവരാണ്. എന്നാല്‍ ഇവര്‍ക്കെതിരില്‍ വാഹന കമ്പനികള്‍ നല്‍കിയ കേസിലെ നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ജയിലില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."