വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് നബാര്‍ഡ് വായ്പ: മന്ത്രി ഐസക്
ആലപ്പുഴ: വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് പൂര്‍ണമായ പണം വായ്പ നല്‍കാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ- വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നടപ്പാതയുടെ നിര്‍മാണോദ്ഘാടനം ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നീര്‍ത്തട പരിപാടി നടപ്പാകുന്നതോടെ വരട്ടാര്‍ മേഖലയിലെ കൃഷി മെച്ചപ്പെടുകയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാകുകയും ചെയ്യും. വരട്ടാര്‍ പുനരുജ്ജീവനത്തോടെ ജലസംരക്ഷണത്തിന്റെ സന്ദേശം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലുമെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് നിരവധി നദികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് വരട്ടാര്‍ മാതൃകയായി. ജനകീയ വികസന കൂട്ടായ്മ എങ്ങനെ വിജയത്തിലെത്തിക്കാം എന്നതിന് ഉദാഹരണമാണ് വരട്ടാര്‍ പുനുജ്ജീവനം.
രാഷ്ട്രീയമായ അഭിപ്രായ ഭേദങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ നാടിന്റെ പൊതുവായ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇതിനു പറ്റുന്ന വികസന ശൈലി നമുക്ക് ആവിഷ്‌കരിക്കാന്‍ കഴിയണം. വരട്ടാറിന്റെ കാര്യത്തില്‍ ഇതു യാഥാര്‍ഥ്യമായി. കേരളത്തിനു വേണ്ടുന്ന പുതിയ ജനകീയ വികസന സംസ്‌കാരമാണ് വരട്ടാര്‍ പുനരുജ്ജീവനത്തിലേതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളും സര്‍ക്കാരും സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വരട്ടാര്‍ പുനരുജ്ജീവനത്തില്‍ കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സോഷ്യല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കുന്നതായിരുന്നു. ജനങ്ങളുടെ പൂര്‍ണമായ പിന്തുണ ലഭിക്കുന്നതിന് ഇതു കാരണമായി. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരും ആറന്മുള എംഎല്‍എ വീണ ജോര്‍ജും ജനങ്ങള്‍ക്കൊപ്പം വരട്ടാര്‍ പുനരുജ്ജീവനത്തിനായി മികച്ച പ്രവര്‍ത്തനം നടത്തി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനമായിരുന്നു കെ.കെ. രാമചന്ദ്രന്‍ നായരുടേതെന്നും മന്ത്രി പറഞ്ഞു.
വരട്ടാര്‍ പുനരുജ്ജീവനം കേരളത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. അസംഭവ്യമെന്ന് പലരും കുറിച്ചിട്ട വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനം ജനങ്ങള്‍ വിജയത്തില്‍ എത്തിച്ചു.
വരട്ടാറിനെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. വരട്ടാര്‍ പുനരുജ്ജീവനം വിജയിച്ചതിന്റെ പൂര്‍ണ ക്രഡിറ്റ് ജനങ്ങള്‍ക്കാണ്. നദിയെ വീണ്ടെടുക്കാന്‍ രാഷ്ട്രീയം മാറ്റി വച്ച് പ്രവര്‍ത്തിച്ചു. വരട്ടാറിനായി ജനങ്ങള്‍ നടത്തിയ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
ജനകീയ വികസനം എങ്ങനെയാകണമെന്നതിനുള്ള ഉദാത്ത മാതൃകയാണ് വരട്ടാര്‍ പുനരുജ്ജീവനം. സംസ്ഥാനത്തെ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവേശം പകരുന്നതിന് വരട്ടാര്‍ വീണ്ടെടുപ്പിനായി. വരട്ടാര്‍ വീണ്ടെടുപ്പിന്റെ തുടര്‍ച്ചയായി നദികളെ മലിനമാക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ നടത്തി. ഈ നിയമ പ്രകാരമുള്ള ആദ്യ കേസ് വരട്ടാര്‍ മലിനമാക്കിയവര്‍ക്കെതിരേ എടുത്തെന്നും മന്ത്രി പറഞ്ഞു.
വീണ ജോര്‍ജ് എം.എല്‍.എ, കെ.എസ്.സി.ഇ.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍. രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."