ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി തൊടുപുഴ നഗരം
തൊടുപുഴ: അനധികൃത പാര്‍ക്കിങ് മൂലം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. പരിഹാര നിര്‍ദേശങ്ങള്‍ക്കായി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആറിന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ചേര്‍ന്ന കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇടപെട്ടാണ് ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് യോഗം.
കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാതിരുന്നതാണ് നിലവിലെ ഗതാഗതക്കുരുക്കിന് കാരണമെന്ന് ആരോപണമുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ചേര്‍ന്ന സമിതിയുടെ തീരുമാനങ്ങളില്‍ നേരിയ മാറ്റം മാത്രമാണ് കഴിഞ്ഞയോഗത്തില്‍ വരുത്തിയത്. അഞ്ചുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ നഗരം വികസിക്കുകയും വാഹനങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു. കാലത്തിനുസരിച്ചുള്ള ഗതാഗത ക്രമീകരണം നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും തടയുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തുമെങ്കിലും ഇവ നടപ്പാക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര ആര്‍ജവം കാണിക്കുന്നില്ല.
നഗരസഭാ സ്റ്റാന്‍ഡ്, തൊടുപുഴ - പാലാ റോഡ്, തൊടുപുഴ - മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിലെല്ലാം തോന്നുംപടിയാണ് വാഹനങ്ങളുടെ പാര്‍ക്കിങ്. വാഹനങ്ങള്‍ റോഡിനിരുവശത്തുമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത ക്കുരുക്കിന് പ്രധാന കാരണം. കുരുക്ക് വര്‍ധിക്കുമ്പോള്‍ ട്രാഫിക് ഉദ്യോഗസ്ഥരത്തെി വാഹനങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടാലും ഏറെ വൈകാതെ അതേ സ്ഥാനത്ത് വീണ്ടും വാഹനങ്ങള്‍ എത്തും. നഗരത്തിലെ ഫുട്പാത്തുകളിലൊന്നും നടക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. അടുത്തിടെ കാല്‍നടക്കാര്‍ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് റോഡില്‍ വട്ടം തിരിക്കുന്നത്. ഓട്ടോകളുടെ യു ടേണും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
നഗരത്തിലത്തെുന്ന അനധികൃത ഓട്ടോറിക്ഷകളെ നിയന്ത്രിക്കാന്‍ തൊടുപുഴ മുനിസിപ്പാലിറ്റി പല നടപടികളും ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. പലതവണ വിഷയം ചര്‍ച്ചചെയ്യാന്‍ യൂനിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചെങ്കിലും തീരുമാനമുണ്ടായില്ല. നൂറുകണക്കിന് അനധികൃത ഓട്ടോകള്‍ നഗരത്തില്‍ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് കണക്കുകള്‍.
വാഹനക്കുരുക്ക് ട്രാഫിക് പൊലിസിനും തലവേദന സൃഷ്ടിക്കുകയാണ്. തിരക്കേറിയ ജങ്ഷനുകളിലെ സിഗ്‌നല്‍ ലൈറ്റുകളും തകരാറിലായത് ഇവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പഠിക്കാന്‍ തൊടുപുഴ നഗരസഭാ കൗണ്‍സില്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട ് ഇതുവരെ പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."