വീണ്ടുമൊരു ജര്‍മനി- ബ്രസീല്‍ പോരാട്ടം
ബെര്‍ലിന്‍: വീണ്ടുമൊരു ജര്‍മനി-ബ്രസീല്‍ പോരാട്ടത്തിന് കളമൊരുങ്ങി. നാല് വര്‍ഷം മുന്‍പ് ബൊലെ ഹൊറിസോണ്ടെയിലെ ലോകകപ്പ് വേദിയില്‍ സംഭവിച്ച 7-1ന്റെ തോല്‍വിയുടെ നാണക്കേട് മായ്ക്കാനുള്ള തയാറെടുപ്പുകളുമായി ബെര്‍ലിനില്‍ ബ്രസീല്‍ ടീം കടുത്ത പരിശീലനത്തിലാണ്. അന്ന് സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തിലാണ് ഇറങ്ങിയതെങ്കില്‍ ഇന്നും നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കുന്നത്.
അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിലാണ് ലോകകപ്പിന് മുന്നോടിയായി ജര്‍മനിയും ബ്രസീലും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. നാല് വര്‍ഷം മുന്‍പേറ്റ തോല്‍വിയുടെ കണക്ക് തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാനറികള്‍. അന്നത്തെ തോല്‍വിക്ക് പകരമാകില്ലെങ്കിലും നിലവിലെ ലോക ചാംപ്യന്മാരെ കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം.
അതേസമയം 2014ലെ ബ്രസീലല്ല ഇപ്പോഴത്തെ സംഘം. റഷ്യന്‍ ലോകകപ്പിന് ഏറ്റവും ആദ്യം ടിക്കറ്റെടുത്ത് മികച്ച മുന്നേറ്റം നടത്തുന്നവരാണ് സെലക്കാവോകള്‍. നെയ്മറിന്റെ അഭാവത്തിലും മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള യുവത്വം നിറഞ്ഞ സംഘമാണ് അവരുടേത്. കഴിഞ്ഞ ദിവസം റഷ്യയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. മറുഭാഗത്ത് ജര്‍മനിയും മികച്ച കുതിപ്പിലാണ്. കഴിഞ്ഞ 21 മത്സരങ്ങളിലായി അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സ്പെയിനിനെതിരേ 1-1ന് സമനില പാലിച്ചാണ് ജര്‍മന്‍ സംഘം എത്തുന്നത്. യുവ താരങ്ങളുടേയും പരിചയ സമ്പന്നരുടേയും മിശ്രിതമാണ് ലോക ചാംപ്യന്മാരുടെ സംഘം.
ഇന്ന് നിരവധി വമ്പന്മാര് നേര്‍ക്കുനേര്‍ വരുന്നുണ്ട്. അര്‍ജന്റീന-സ്പെയിനുമായും ഇംഗ്ലണ്ട്-ഇറ്റലിയുമായും ഇന്ന് ഏറ്റുമുട്ടും. റഷ്യ-ഫ്രാന്‍സ്, ഡെന്മാര്ക്-ചിലി, ഈജിപ്ത്-ഗ്രീസ് മത്സരങ്ങളും ഇന്ന് നടക്കും. ഇറ്റലിയെ പരാജയപ്പെടുത്തിയതിന്റെ കരുത്തുമായാണ് അര്‍ജന്റീന ഇന്ന് സ്പെയിനിനെ നേരിടാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."