തുല്യശക്തികള്‍ നേര്‍ക്കുനേര്‍
ഇന്ത്യന്‍ കാല്‍പന്തുകളിയിലെ പരമ്പരാഗത ശക്തികളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. ആവേശത്തിന്റെ മെക്‌സിക്കന്‍ തിരമാലകള്‍ ഉയരുന്ന കൊല്‍ക്കത്തന്‍ നാട്ടങ്ക വേദികളില്‍ ഒന്നായ മോഹന്‍ ബഗാന്റെ മൈതാനത്താണ് സന്തോഷ് ട്രോഫി പോരിനായി ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ട് വന്‍ ശക്തികള്‍ ഏറ്റുമുട്ടുന്നത്. ആദ്യ മൂന്ന് കളികളും വിജയിച്ച് സെമി ബര്‍ത്ത് ഉറപ്പാക്കിയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
വംഗദേശത്തെ വീഴ്ത്തി എ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് കേരള യുവത്വം. ഗ്രൂപ്പ് പോരാട്ടത്തിലെ മൂന്ന് കളികളിലും ഗോള്‍ മഴ പെയ്യിച്ചാണ് സതീവന്‍ ബാലന്റെ ശിഷ്യര്‍ ഇന്ന് അവസാന മത്സരത്തില്‍ ബംഗാളിനെ നേരിടാന്‍ ഇറങ്ങുന്നത്.
24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനല്‍ റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇതിന് മുന്‍പ് 1994ലെ ഫൈനലില്‍ ആയിരുന്നു അവസാനമായി ഏറ്റുമുട്ടിയത്. പ്രാഥമിക ഗ്രൂപ്പ് പോരാട്ടത്തില്‍ 2009, 10 വര്‍ഷങ്ങളില്‍ ഗുഡ്ഗാവിലും ഗുവാഹത്തിയിലും കേരളവും ബംഗാളും ഏറ്റുമുട്ടിയിരുന്നു.
ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായിരുന്നു ബംഗാളും കേരളവും. ഇടയ്ക്ക് കേരളം പിന്നോട്ടോടിയപ്പോള്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമൊക്കെ തീര്‍ത്ത ബലത്തില്‍ ബംഗാള്‍ ഫുട്‌ബോള്‍ തളരാതെ നിന്നു.
32 തവണ കിരീടം ചൂടിയ ബംഗാളുമായി 1989ലും 1994ലും സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഏറ്റുമുട്ടി. എന്നാല്‍, രണ്ട് തവണയും ഷൂട്ടൗട്ടില്‍ കേരളത്തെ വീഴ്ത്തി ബംഗാള്‍ കിരീടം ഉയര്‍ത്തി. ബംഗാളിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നതിന്റെ നിരാശ ഇന്നും കേരളത്തിന് മാറിയിട്ടില്ല.
മോഹന്‍ ബഗാന്‍ മൈതാനത്ത് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് കളിക്കാനിറങ്ങുമ്പോള്‍ പഴയ കണക്കുകള്‍ തീര്‍ക്കുക മാത്രമല്ല ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി ഫൈനലില്‍ പ്രവേശിക്കുകയാണ് സതീവന്‍ ബാലന്‍ മുന്നില്‍ കാണുന്നത്. ചണ്ഡീഗഢിനെ 5-1നും മണിപ്പൂരിനെ 6-0നും മഹാരാഷ്ട്രയെ 3-0നും തകര്‍ത്ത് ഹാട്രിക് വിജയവുമായാണ് കേരളം സെമി ഫൈനല്‍ ഉറപ്പിച്ചത്. ബംഗാളാവട്ടെ മണിപ്പൂരിനെ 3-0നും മഹാരാഷ്ട്രയെ 5-1നും ചണ്ഡീഗഢിനെ 1-0നും തോല്‍പ്പിച്ച് ഹാട്രിക് വിജയം നേടി. ഗോള്‍ ശരാശരിയില്‍ കേരളം തന്നെയാണ് മുന്നില്‍. ഇന്ന് ഒരു സമനില പിടിച്ചാല്‍ കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരാകും.
എതിരാളികളുടെ കരുത്തറിഞ്ഞ് തന്നെയാണ് സതീവന്‍ ബാലന്‍ തന്ത്രങ്ങള്‍ ഒരുക്കുന്നത്. ഒരേ മനസുമായി പന്തുതട്ടുന്ന ആക്രമണ നിരയും മധ്യനിരയും പ്രതിരോധവും കേരളത്തിന്റെ കരുത്താണ്.
പന്ത് ഹോള്‍ഡ് ചെയ്ത് ആക്രമണം മെനയുന്നതില്‍ മധ്യനിര കാട്ടുന്ന മിടുക്ക് കേരളത്തിന് മുന്‍തൂക്കം നല്‍കുന്നു. ബംഗാളാകട്ടെ ആക്രമണത്തില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. മധ്യ-പ്രതിരോധ നിരയും പിഴവില്ലാതെ തങ്ങളുടെ ജോലി ചെയ്യുന്നതില്‍ മിടുക്കരാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ പോരാട്ടം മൈതാനത്തും തീ പടര്‍ത്തും.
നാല് ഗോളുകള്‍ വീതം നേടി ഗോള്‍ പട്ടികയില്‍ ഒന്നാമന്‍മാരായ രണ്ട് പേരുടെ പോരാട്ടം കൂടിയാണിന്ന്. കേരളത്തിന്റെ എം.എസ് ജിതിനും ബംഗാളിന്റെ ബിദ്യാസാഗര്‍ സിങും. മികച്ച കളിക്കാരാനാകാനുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഇരുവരും എത്തുമ്പോള്‍ പ്രതിരോധ നിരകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കേണ്ടി വരും. തുല്യ ശക്തികളുടെ പോരാട്ടമായതിനാല്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."