സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാല അവധി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ദീര്‍ഘകാല അവധി എടുക്കുന്നതു കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്. കേരള സര്‍വിസ് നിയമത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടെന്ന് നിയമസഭയില്‍ പി.കെ ബഷീര്‍ എം.എല്‍.എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍-പൊതുമേഖലാ-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി അഞ്ചു വര്‍ഷം വരെ ശമ്പളരഹിത അവധി അനുവദിക്കാം. ഇത്തരത്തില്‍ 20 വര്‍ഷം വരെ അവധി അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഉന്നത തസ്തികകളില്‍ അവധി അനുവദിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിയെടുത്ത് വിദേശത്തോ സ്വദേശത്തോ മറ്റു തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ മറ്റു ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതു സേവന കാലാവധിയായി പരിഗണിക്കാത്തതിനാല്‍ ഇവര്‍ക്ക് ശമ്പള-പെന്‍ഷന്‍ വര്‍ധനവിനോ മറ്റു ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ല.
സര്‍വിസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും നിശ്ചിത കാലാവധിക്ക് മുന്‍പ് സര്‍വിസില്‍ തിരികെ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. അതിനാല്‍ സര്‍ക്കാരിന് ഒരു തരത്തിലുമുള്ള അധികാ ബാധ്യത വരുന്നില്ല. ഒരാള്‍ അവധിയെടുത്ത് പോയാല്‍ ആ തസ്തികയിലേക്കു പി.എസ്.സിയില്‍നിന്ന് നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."