പാര്‍ലമെന്റില്‍ ബഹളം തുടരുന്നു; അവിശ്വാസ പ്രമേയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ തുടര്‍ച്ചയായ 16ാംദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. അണ്ണാ ഡി.എം.കെയാണ് ഇന്നലെ സഭ സ്തംഭിപ്പിച്ചത്. ലോക്‌സഭ രാവിലെ 11ന് സമ്മേളിച്ചയുടന്‍ കാവേരി നദീജലം കൈകാര്യംചെയ്യുന്നതിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന മുന്‍ ആവശ്യം ഉന്നയിച്ച് എന്‍.ഡി.എയുമായി സഹകരിക്കുന്ന അണ്ണാ ഡി.എ.കെ ബഹളം വച്ചു. കോണ്‍ഗ്രസ്, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു. വിഷയത്തില്‍ ഉച്ചത്തില്‍ അണ്ണാ ഡി.എം.കെ മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്കു ശേഷവും ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്കു പിരിയുകയായിരുന്നു. ഇരുസഭയും വേഗം പിരിഞ്ഞതിനാല്‍ കോണ്‍ഗ്രസ്, സി.പി.എം മുസ്്‌ലിം ലീഗ്, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരിഗണനക്കെടുത്തില്ല.
പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. ബഹളത്തിനിടെ അംഗങ്ങളുടെ എണ്ണം എടുക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാനാകില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
തോട്ട നരസിംഹം (ടി.ഡി.പി), മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), മുഹമ്മദ് സലിം (സി.പി.എം), ജയ്‌ദേവ് ഗല്ല (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരും മറ്റു ചില അംഗങ്ങളും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, സഭാനടപടികള്‍ ക്രമത്തില്‍ ആകാതെ അവ പരിഗണിക്കാനാകില്ലെന്നും സ്പീക്കര്‍ അറിയിച്ചു. അവിശ്വാസ പ്രമേയത്തിന്‍ മേല്‍ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. അണ്ണാ ഡി.എം.കെ ബഹളംവച്ചതോടെ രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയായിരുന്നു. അതിനിടെ, സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതിരിക്കാന്‍ അണ്ണാ ഡി.എം.കെയുടെ ബഹളം സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."