ആളിയാര്‍: തമിഴ്‌നാടിന്റെ കരാര്‍ ലംഘനത്തിന് കേരളത്തിന്റെ ഒത്താശ
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാറിന് വിരുദ്ധമായി നല്ലാറിലും പാലാറിലും ചെക്ക് ഡാമുകളും, കനാലുകളും പണിയാന്‍ കേരള സര്‍ക്കാരും, അന്തര്‍സംസ്ഥാന ജലക്രമീകരണബോര്‍ഡിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം. പറമ്പിക്കുളം, ആളിയാര്‍, മുല്ലപ്പെരിയാര്‍ അണകളുടെ വൃഷ്ടി മേഖലകളില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ തമിഴ്‌നാട് കരാറിന് വിരുദ്ധമായി 1000 കോടിയോളം രൂപ ചെലവഴിച്ച് ഡാമുകള്‍, വൈദ്യുതി നിലയങ്ങള്‍,അണക്കെട്ടുകള്‍, വലിയ കനാലുകള്‍ എന്നിവ പണിതിട്ടുണ്ട്.
1994 ല്‍ കേരള നിയമസഭയുടെ അഡ്‌ഹോക് കമ്മിറ്റി സ്ഥലങ്ങള്‍ നേരിട്ട് പരിശോധിച്ച് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു.
അത് സംബന്ധിച്ച് നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇടതു വലതു പാര്‍ട്ടികള്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. യഥാസമയം നിര്‍മാണ പ്രവര്‍ത്തികള്‍ കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. ആളിയാറില്‍ നിന്ന് താഴോട്ട് ഒഴുകുന്ന നല്ലാര്‍, പാലാര്‍ പുഴകളില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ചെക്ക് ഡാമുകള്‍ നിര്‍മിച്ച ശേഷമാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തത്. പറമ്പിക്കുളം ആളിയാര്‍ വെള്ളവുമായി ബന്ധപ്പെട്ട് ചിറ്റൂരിലും, മറ്റും സമരം ശക്തമായതോടെയാണ് വിവരം പുറത്ത് വന്നത്. ചിറ്റൂര്‍ എം.എല്‍ .എ. കെ.കൃഷ്ണന്‍കുട്ടി ജില്ലാവികസന സമിതിയില്‍ തമിഴ്‌നാടിന്റെ നിര്‍മാണങ്ങള്‍ക്കെതിരേ പരാതി ഉന്നയിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ പരാതികള്‍ അയച്ചത്. കേരള ജല വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മാണം മൂടിവയ്ക്കാന്‍ ആറ് കോടി രൂപ തമിഴ്‌നാട്ടില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയുടെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. എന്നാല്‍ ഒരു വ്യക്തിനല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് തടയിടാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
നിലവില്‍ നല്ലാറിന് കുറുകെ മൈലാടുംപാറയില്‍ തടയണ നിര്‍മാണമുണ്ട്. തമിഴ്‌നാടിന്റെ അനധികൃത നിര്‍മാണം കേരളത്തിലെ അന്തര്‍ സംസ്ഥാന നദീജലബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ബോര്‍ഡ് യോഗത്തില്‍ രേഖാമൂലം എതിരഭിപ്രായം രേഖപ്പെടുത്താന്‍ തയാറാവാത്തതില്‍ ദുരൂഹതയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
ഇപ്പോള്‍ കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കാതെ കോണ്ടൂര്‍ കനാലിലൂടെ വെള്ളം തിരുമൂര്‍ത്തിയിലേക്ക് കടത്തുന്നത് തുടരുകയാണ്. കേരള മുഖ്യമന്ത്രി കരാര്‍ ലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രിക്കയച്ച കത്തിന് പുല്ലു വിലയാണ് കല്‍പ്പിച്ചത്. ഇക്കാര്യത്തില്‍ അവര്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.
കരാര്‍ ലംഘനം നടത്തിയാല്‍ തമിഴ്‌നാടിനെതിരേ കേരളത്തിന് ശക്തമായ നിലപാട് സ്വീകരിക്കാമെന്ന് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് കേരള സര്‍ക്കാരിനു എഴുതിയ കത്ത് ഉപയോഗപ്പെടുത്തി സമ്മര്‍ദം ചെലുത്താന്‍പറ്റുമെന്നിരിക്കെയാണ് കേരളത്തിന്റെ ഉദാസീനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."