ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി വിമത വിഭാഗം
കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ നിന്നും പിളര്‍ന്ന വിമത വിഭാഗം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിനെതിരേ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് ഏഴ് മാസം മുന്‍പ് ഐ.എന്‍.എല്‍ സ്ഥാപക നേതാവും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ അലവിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സേട്ട് സാഹിബ് സാംസ്‌കാരിക വേദിയാണ് പുതിയ പാര്‍ട്ടിയാവുന്നത്.
ഏപ്രില്‍ 23 ന് കോഴിക്കോട് ഐ.എന്‍.എല്‍ (ഡെമോക്രാറ്റിക്) എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരായ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കും.
പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ സാംസ്‌കാരിക സൗഥം നിര്‍മിക്കുമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തി കോടികള്‍ പിരിച്ചെടുക്കുകയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെകൊണ്ട് കോഴിക്കോട് വച്ച് പ്രതീകാത്മകമായ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിപ്പിച്ച് നാല് വര്‍ഷം പൂര്‍ത്തിയായിട്ടും സാംസ്‌കാരിക സൗധത്തിനാവശ്യമായ സ്ഥലം പോലുമെടുക്കാതെ നേതാക്കള്‍ വഞ്ചന കാണിക്കുകയായിരുന്നുവെന്ന് സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ഐ.എന്‍.എല്‍ നേതാക്കള്‍ കേരളത്തിന്റെ പുറത്ത് പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്ലിന്റെ പോഷക സംഘടനയായ ഐ.എം.സി.സിയുടെ പേരുമാറ്റി ഐ.എന്‍.സി.സി എന്നാക്കിയത് ഞങ്ങളില്‍ വര്‍ഗീയതയുടെ പരിവേഷം ഉണ്ട് എന്ന് ചിന്തിക്കുന്ന ആളുകളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ്. ഭാവിയില്‍ സുലൈമാന്‍ സേട്ട് പകര്‍ന്ന് നല്‍കിയ കൊടിയും പേരും മാറ്റി പുതിയ മാറ്റത്തിന് പദ്ധതിയിട്ടിരിക്കുകയാണ്.
സുലൈമാന്‍ സേട്ടുവിന്റെ നിഴലിനെ പോലും ഭയക്കുന്നവരാണ് ഇന്നത്തെ നേതാക്കളെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇത്തരം ദുര്‍നടപ്പുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദിച്ചതിന്റെ പേരിലാണ് ഐ.എന്‍.എല്ലിന്റെ സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അലവി ഹാജിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഐ.എന്‍.എല്‍ നേതാക്കള്‍ തൃശൂരില്‍ വച്ച് കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിനെതിരേ ഭീഷണി മുഴക്കുകയും ചെയ്തത്.
പാര്‍ട്ടി രൂപീകൃതമാകുന്നതോടുകൂടി പല ദളിത് സംഘടനകളും പ്രാദേശിക പാര്‍ട്ടികളും പ്രമുഖ വ്യക്തികളും ഐ.എന്‍.എല്‍ (ഡെമോക്രാറ്റിക്)നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, പി. സാലിം, പി.കെ. മൊയ്തുണ്ണി തൃശൂര്‍, പി.കെ സുലൈമാന്‍, കരീം കല്ലേരി, മുസ്തഫ വെള്ളിമാടുകുന്ന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."