ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം: 20 ഒപ്പുകള്‍ ലഭിച്ചു, പ്രതിപക്ഷം മുന്നോട്ട്
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തിന് കൂടുതല്‍ പിന്തുണ. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഇതുവരെ 20 ഒപ്പുകള്‍ ലഭിച്ചു.
ഗുലാം നബി ആസാദ്, കപില്‍ സിബല്‍, അഹമ്മദ് പാട്ടേല്‍ തുടങ്ങി മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഹരജിയില്‍ ഒപ്പുവച്ചു. എന്‍.സി.പിയില്‍ നിന്ന് അഞ്ച് ഒപ്പുകള്‍ കൂടി ലഭിച്ചതായും സ്ഥിരീകരണമുണ്ടായി.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ എന്‍.സി.പി നേതാക്കളായ മാജിദ് മേമനും ഡി.പി ത്രിപാഥിയും പ്രമേയാവതരണം സ്ഥിരീകരിച്ചു.
ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റിനു വേണ്ടി വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചുവെന്ന്
ത്രിപാഥി പറഞ്ഞു.
സി.പി.എം, സി.പി.ഐ എം.പിമാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ ഒപ്പ് ശേഖരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇംപീച്ച്‌മെന്റ് എന്തിന്?
ഇംപീച്ച്‌മെന്റ് നടപടികള്‍ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം തുടങ്ങിയ പാര്‍ട്ടികള്‍ കഴിഞ്ഞ തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങളില്‍ തുടര്‍നടപടി കൈക്കൊള്ളുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്‌മെന്റിന് പ്രതിപക്ഷം തയാറെടുക്കുന്നത്.
ചീഫ് ജസ്റ്റിസിനെതിരായ നടപടികള്‍ക്ക് സമാനമനസ്‌കരായ പാര്‍ട്ടി എം.പിമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍. ചുരുങ്ങിയത് 50 എം.പിമാരെങ്കിലും ഒപ്പുവച്ച പ്രമേയം ഉണ്ടെങ്കില്‍ മാത്രമേ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിക്കുകയുള്ളൂ.
മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇംപീച്ച്‌മെന്റിന് തയാറാകുന്നതെന്ന് പ്രതിപക്ഷ എം.പിമാരില്‍ ചിലര്‍ പറഞ്ഞു. ഇംപീച്ച്‌മെന്റ് നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, എം.ബി ലോകൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."