ദേശീയപാത വികസനം: സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം: ദേശീയപാത വികസനത്തിനായി ജില്ലയില്‍ ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച് ആശങ്കകളും പ്രതിഷേധവും നിലനില്‍ക്കുന്ന സഹാചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. ആശങ്കയകറ്റി അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ ദേശീയപാത വികസനത്തിനുള്ള സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ കലക്ടര്‍ക്കു നല്‍കിയ നിവേദനത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
വന്‍ പൊലിസ് സന്നാഹത്തോടെയാണ് സര്‍വേ നടക്കുന്നത്. ഇതര ജില്ലകളില്‍ 3എ നോട്ടിഫിക്കേഷന്‍ നടപടികള്‍ക്കു കാത്തിരിക്കുമ്പോള്‍ മലപ്പുറത്തെ ധൃതിപിടിച്ചുള്ള നടപടികളില്‍ സംശയമുണ്ട്. പരാതി നല്‍കാനും കേള്‍ക്കാനുമുള്ള അവസരംപോലും നിഷേധിക്കുകയാണ്. നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തുന്നവിധം അലൈന്‍മെന്റ് വരുന്നില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു കിട്ടുന്ന നഷ്ടപരിഹാരമെന്തൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തി ജനങ്ങളുടെ ആക്ഷേപങ്ങളും ആശങ്കളും പരിഹരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്കു പ്രവേശിക്കൂവെന്നു കലക്ടര്‍ പറഞ്ഞു. ഇതിനായി സര്‍വകക്ഷി യോഗം വിളിക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ്, എം.എ ഖാദര്‍, സലീം കുരുവമ്പലം, ഉറല്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, ഇസ്മാഈല്‍ മൂത്തേടം, കെ.എം ഗഫൂര്‍, ബക്കര്‍ ചെര്‍ണൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."