യാത്രക്കാരുടെ എണ്ണത്തില്‍ ഒരു കോടി നേട്ടവുമായി നെടുമ്പാശ്ശേരി വിമാനത്താവളം
നെടുമ്പാശ്ശേരി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം കൂടി ബാക്കിനില്‍ക്കെയാണ് സിയാല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ എണ്ണം ഒരു കോടി കവിയുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്. ഇതില്‍ പകുതിയിലധികം യാത്രക്കാരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര ചെയ്തത്.ഇന്നലെ ഉച്ചയ്ക്ക് 12.20 ന് ചെന്നൈയില്‍ നിന്നും എത്തിയ 6 ഇ 563 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തിലെ 175 യാത്രക്കാര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയതോടെയാണ് ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടത്തിന് സിയാല്‍ അര്‍ഹമായത്.
യാത്രക്കാരുടെ എണ്ണം ഒരു കോടി തികച്ച യാത്രക്കാരനായ പാലക്കാട് പുത്തൂര്‍ സ്വദേശി അനില്‍ കൃഷ്ണന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ഒരു പവന്‍ സ്വര്‍ണനാണയം നല്‍കി സ്വീകരിച്ചു.
ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണ്‍സിനും സിയാല്‍ ഉപഹാരം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തിരുന്നത്.
മുന്‍ വര്‍ഷം അഭ്യന്തര യാത്രക്കാര്‍ 39.42 ലക്ഷമായിരുന്നത് നടപ്പു സാമ്പത്തിക വര്‍ഷം 48.43 ലക്ഷമായാണ് വര്‍ധിച്ചത്.23 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.എന്നാല്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 4 ശതമാനം മാത്രമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. വിമാന സര്‍വിസുകളുടെ എണ്ണത്തിലും ഈ വര്‍ഷം കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 68891 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.കഴിഞ്ഞവര്‍ഷം ഇത് 62827 ആയിരുന്നു.
അഭ്യന്തര യാത്രക്കാരുടെ വന്‍ വര്‍ധനവ് ഉള്‍ക്കൊള്ളാന്‍ സിയാല്‍ സജ്ജമാകുന്നതായി മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."