ചരിത്രസാക്ഷ്യവുമായി മാത്തൂര്‍ തൊട്ടിപ്പാലം
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലമായ മാത്തൂര്‍ തൊട്ടിപ്പാലം കാണാന്‍ തിരക്കേറുന്നു. 384 മീറ്റര്‍ നീളവും 195 അടി പൊക്കവും 55 അടി വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
209 ഘനയടി വെള്ളം പോകാനുളള ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലവും ഇതു തന്നെ. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഭാരതരത്‌നം കെ. കാമരാജാണ് ഈ പാലത്തിന് പിന്നില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം ആറ്റൂരിന് സമീപമാണ് മാത്തൂര്‍ തൊട്ടിപ്പാലം.
കനാലിലെ വെളളം ആറ്റില്‍ കലരാതെ കൊണ്ട് പോകാന്‍ 1962ല്‍ നിര്‍മാണം ആരംഭിച്ച പാലം 1969ല്‍ ആണ് പൂര്‍ത്തീകരിച്ചത്. കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ പാറയോളം പ്രശസ്തമായ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രവും ഇവിടെ വേറെയില്ല.
തിരുനെല്‍വേലി ജില്ലയിലെ കുടിവെള്ള ക്ഷാമ പരിഹാരത്തിനും കര്‍ഷകരുടെ കൃഷി ആവശ്യങ്ങള്‍ക്കും വെള്ളമെത്തിക്കുന്നതിനായാണ് മുഖ്യമന്ത്രി കെ. കാമരാജ് തൊട്ടിപ്പാലം നിര്‍മിച്ചത്.
അസാധ്യമെന്ന് എന്‍ജിനിയര്‍മാര്‍ വിധി എഴുതിയിടത്ത് കാമരാജ് നേരിട്ട് വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയായിരുന്നു ഇത്. ചിറ്റാര്‍ അണക്കെട്ടില്‍ നിന്ന് തേങ്ങാപ്പട്ടണത്തിലേക്ക് വെള്ളമെത്തിക്കാനും തൊട്ടിപ്പാലം ഗുണപ്രദമായി. മാത്തൂര്‍ ഭാഗത്തുള്ള പറളിയാറിന് കുറുകെ കനാല്‍ ജലം കൊണ്ട് പോകുന്നത് ദുഷ്‌കരമായതിനാല്‍ ആരംഭം മുതല്‍ അവസാനം വരെ കോണ്‍ക്രീറ്റ് തൊട്ടിപ്പാലം തന്നെയാകാമെന്ന് കാമരാജ് നിര്‍ദേശിക്കുകയായിരുന്നു.
പറളിയാറിന്റെ ഇരുകരകളിലുമുളള കണിയാന്‍പാറക്കും കൂട്ടുവായുപാറയക്കും ഇടയിലൂടെയാണ് തൊട്ടിപ്പാലം കടന്നു പോകുന്നത്. 28 തൂണുകളിലാണ് തൊട്ടിപ്പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണ രീതിയും പറളിയാറും മാത്തൂരിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാവുകയാണ്.
മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. തക്കല-പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് 14 കിലോ മീറ്ററും. തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുമാണ് മാത്തൂര്‍ തൊട്ടിപ്പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."